ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണ കഥ പ്രമേയമാകുന്ന ചിത്രത്തിൽ പ്രഭാസാണ് നായകൻ. കൃതി സനോനാണ് ചിത്രത്തിലെ നായിക. ജൂൺ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രം ആദ്യദിനത്തിൽ 40 മുതൽ 50 കോടി വരെ നേടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്.
ചിത്രത്തിന് ബോക്സോഫീസിൽ മികച്ച തുടക്കം ലഭിക്കുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ചിത്രത്തിന് മികച്ച അഭിപ്രായം നേടാനായാൽ തുടർന്നുള്ള ദിവസങ്ങളിൽ 60 കോടിയ്ക്ക് മുകളിൽ കളക്ഷൻ പോകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനിടയിൽ ചിലയിടങ്ങളിലെ മൾട്ടിപ്ലക്സിൽ ആദിപുരുഷിന് ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന ആരോപണമുണ്ട്.
ഡൽഹി മൾട്ടിപ്ലക്സുകളിലെ ലക്ഷ്വറി സീറ്റുകൾക്ക് 2000 വരെ ഈടാക്കുന്നുണ്ട്. പ്രഭാസിന്റെ താരമൂല്യം കൂടി കണക്കിലെടുത്താണ് വില കൂട്ടിയതെന്നാണ് വിവരങ്ങൾ. ഇരട്ടിവിലയായിട്ടും ഇവിടുത്തെ ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നുവെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്നരക്കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. പ്രഭാസ് രാമനാകുന്ന ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. നടൻ സണ്ണി സിങ്ങും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ALSO READ: “മലൈക്കോട്ടൈ വാലിബൻ്റെ” സ്നേഹ ചുംബനം; താരതമ്യം ചെയ്ത് ആരധകർ.
ചിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ ട്രെയിലർ ഏറെ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. വീണ്ടും വി.എഫ്.എക്സിൽ മാറ്റം വരുത്തി ഇറങ്ങിയ രണ്ടാമത്തെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ റിലീസിന് മുൻപുള്ള അവസാനത്തെ ട്രെയിലറും പ്രേക്ഷകർ ഏറ്റെടുത്തു.ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക