മെഗാ സ്റ്റാർ മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ ദി കോർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം നവംബർ 23 മുതൽ തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
READ: സുരേഷ് ഗോപി ചിത്രം ഇതുവരെ നേടിയത് എത്ര? ‘ഗരുഡൻ’ താഴെ ഇറങ്ങിയോ ?
ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പേര് കാതൽ എന്നാണെങ്കിലും പ്രണയത്തിന്റെ ‘കാതലല്ല’ ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് സൂചന. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുകൊണ്ട് ‘കാതൽ ദി കോർ’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യൻ താരം ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ എന്ന ചിത്രത്തിലാണ് ജ്യോതിക ഏറ്റവും ഒടുവിൽ അഭിനയിച്ചത്.’കണ്ണൂർ സ്‌ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ‘കാതൽ ദി കോർ’ പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവം സമ്മാനിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതൽ. ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്ഐയിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ഈ മാസം 20 മുതല്‍ 28 വരെയാണ് ഗോവ ചലച്ചിത്രമേള. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.