രാജ്യത്തൊട്ടാകെ ആരാധകരുള്ളവരാണ് തെന്നിന്ത്യൻ താരങ്ങളും. ബോളിവുഡിനെ അമ്പരപ്പിച്ചാണ് തെന്നിന്ത്യൻ സിനിമകള്‍ കളക്ഷനില്‍ നിലവില്‍ വൻ റെക്കോര്‍ഡുകള്‍ തിരുത്തുന്നതും. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ ഗൂഗിളില്‍ ട്രെൻഡായവരില്‍ മുൻനിരയിലുള്ള തെന്നിന്ത്യൻ താരങ്ങളുടെ പട്ടിക പുറത്തുവിട്ടതും ചര്‍ച്ചയാകുകയാണ്. ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയാണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ ട്രെൻഡായവരില്‍ ഒന്നാമതുള്ള തെന്നിന്ത്യൻ താരം തമിഴകത്തിന്റെ ദളപതി വിജയ്‍യാണ്. ദളപതി വിജയ് നായകനായ ചിത്രമായി ദ ഗോട്ടാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. തിരുവനന്തപുരത്തടക്കം ക്ലൈമാക്സ് ചിത്രീകരിച്ച് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ചിത്രത്തില്‍ വൻ മേക്കോവറിലാണ് വിജയ്‍യെത്തുകയെന്നാണ് റിപ്പോര്‍ട്ട്. രാഷ്‍ട്രീയ പ്രവേശനം പ്രഖ്യാപിച്ചതും വിജയ്‍യെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ സഹായിച്ചു.തെന്നിന്ത്യയില്‍ രണ്ടാം സ്ഥാനത്ത് പ്രിയ താരം മഹേഷ് ബാബുവാണ്. മഹേഷ് ബാബുവിന്റെതായി ഗുണ്ടുര്‍ കാരം സിനിമ അടുത്തിടെ പ്രദര്‍ശനത്തിനെത്തിയിരുന്നുവെങ്കിലും ബോക്സ് ഓഫീസില്‍ കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. കല്‍ക്കി 2898 എഡി സിനിമയിലൂടെ വാര്‍ത്തകളില്‍ രാജ്യത്താകെ നിറഞ്ഞുനില്‍ക്കുന്ന പ്രഭാസാണ് തെന്നിന്ത്യൻ താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത്. വേട്ടൈയൻ എന്ന പുതിയ ചിത്രത്തിന്റെ വാര്‍ത്തകളില്‍ ശ്രദ്ധയാകര്‍ഷിച്ച് നടൻ രജനികാന്ത് തെന്നിന്ത്യൻ താരങ്ങളില്‍ നാലാം സ്ഥാനത്ത് ഇടംനേടിയിട്ടുണ്ട്.തൊട്ടു പിന്നില്‍ അല്ലു അര്‍ജുനാണ്. ആറാമൻ ധനുഷും ഏഴാമൻ കങ്കുവയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സൂര്യയും എട്ടാമൻ മമ്മൂട്ടിയുമാണെന്നാണ് താരങ്ങളുടെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. ഒമ്പതാം സ്ഥാനത്ത് ചിരഞ്‍ജീവിയാണ് തെന്നിന്ത്യൻ താരങ്ങളില്‍ ഇടംനേടിയിരിക്കുന്നത് എന്നതും പ്രസക്തമായ ഒന്നാണ്. പത്താമത് രാം ചരണുമാണ് തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത് എന്നതും ചര്‍ച്ചയാകുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *