ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’ കണ്ട് താന്‍ ഞെട്ടിയെന്ന് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ആയി വിഘ്‌നേഷ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സംവിധായകന്‍ ജിത്തു മാധവനേയും സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിനേയും മലയാള സിനിമയെയും ഒന്നടങ്കം വിഘ്‌നേഷ് അഭിനന്ദിക്കുന്നുണ്ട്.ഔട്ട്‌സ്റ്റാന്‍ഡിങ് സിനിമ.. ഫാഫ അയ്യ നിങ്ങള്‍ ഭൂമിയിലുള്ള ഒരാളല്ല.. ഭ്രാന്തമായി എഴുതുകയും അതിശയകരമായി നടപ്പാക്കുകയും ചെയ്ത സിനിമ.. മലയാള സിനിമ എല്ലാം തകര്‍ത്തെറിഞ്ഞ് മുന്നോട്ട് പോവുകയാണ്.. ജിത്തു മാധവനും സുഷിന്‍ ശ്യാമിനും സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് വിഘ്‌നേഷ് സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ആദ്യ ദിവസം കേരളത്തില്‍ നിന്നും 3.5 കോടിയാണ് ചിത്രം നേടിയത്. ആഗോള കളക്ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു. പിന്നീട് വന്ന ദിവസങ്ങളിലെല്ലാം ആഗോള കളക്ഷന്‍ പത്ത് കോടിയായി സിനിമ നില നിര്‍ത്തി. നിലവില്‍ 65 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍.‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *