നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന “അഞ്ചാം വേദം” എന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു. ടി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബീബ് അബൂബക്കർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്, സാഗർ അയ്യപ്പനാണ് ചായാഗ്രഹണം. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാ സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ഒരു മൾട്ടി ജോണർ ചിത്രമാണ് അഞ്ചാം വേദം. കട്ടപ്പനയിലെ മലയോര പ്രദേശങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
കുരിശുമല എന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സത്താറിനെക്കാൾ പ്രായം കൂടുതലായിരുന്നെങ്കിലും കുട്ടിക്കാലം മുതൽ അവന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവളായിരുന്നു സാഹിബ.സാത്താറിന്റെ രാഷ്ട്രീയ നിലപാട്, സാഹിബയുടെ വാപ്പയായ ഹൈദറിന്റെ കടുത്ത മത വിശ്വാസത്തിന് തീർത്തും എതിരായിരുന്നു. മാത്രമല്ല കുട്ടിക്കാലത്തുള്ള ഉമ്മയുടെ വിയോഗ ശേഷം തനിക്ക് വേണ്ടി മാത്രം ജീവിച്ച വാപ്പയെ ധിക്കരിക്കാൻ സാഹിബയ്ക്ക് കഴിയുമായിരുന്നില്ല.അത് കൊണ്ട് തന്നെ സാഹിബ അഷറഫിന്റെ ഭാര്യയാകുന്നത് സാത്താറിന് കണ്ട് നിൽക്കേണ്ടി വന്നു. മത ഭ്രാന്തിന്റെ പൈശാചികത ഭർത്താവിന്റെ രൂപത്തിൽ അവളെ വേട്ടയാടിയപ്പോൾ മത നിയമം അനുശാസിച്ചിരുന്ന ഫസഹ് ചൊല്ലി അവൾ തന്റെ ഭർത്താവിനെ ഒഴിവാക്കി.
അപ്പോഴും തന്നെ സ്വീകരിക്കാൻ സത്താർ ഒരുക്കമായിരുന്നിട്ടു പോലും ഒരു രണ്ടാം കെട്ടുകാരിയായി അവന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാൻ സാഹിബയ്ക്ക് ആകുമായിരുന്നില്ല. തന്റെ വാപ്പയുടെ അടിയുറച്ച മത വിശ്വാസങ്ങളും സാത്താറിന്റെ വീട്ടുകാരുടെ എതിർപ്പും അവളുടെ തീരുമാനത്തിന് ആക്കം കൂട്ടിയിരുന്നു.ഭർത്താവിനെ ഒഴിവാക്കാൻ ഫസഹ് എന്ന മത നിയമം ഉണ്ടെന്ന് സാഹിബ്യ്ക്ക് പറഞ്ഞു കൊടുത്തത് അവളുടെ ഭർത്താവിന്റെ വാപ്പ തന്നെയായിരുന്നു. ഇതിൽ രോഷാകുലനായ അഷറഫ് സ്വന്തം വാപ്പയെ ക്രൂരമായി കൊലപ്പെടുത്തുന്നു. തുടർന്ന് ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാസന്ദർഭങ്ങളുമായി ഒരു സസ്പെൻസ് ത്രില്ലിംഗ് ദൃശ്യാനുഭവമായി മാറുകയാണ് ഈ സിനിമയിലെ ഓരോ രംഗങ്ങളും. നിലവിലുള്ള ജാതി, മത, രാഷ്ട്രീയ സാഹചര്യങ്ങളെ തന്മയത്തോടെ കോർത്തിണക്കിയ ഒരു ആക്ഷേപഹാസ്യ ചിത്രം കൂടിയാണ് അഞ്ചാംവേദം.വേഷം കൊണ്ടും, ഭാഷ കൊണ്ടും, ചിന്തകൊണ്ടും ആരാധനകൊണ്ടും നാം വിഭിന്നരാണെങ്കിലും സകല ജാതി മത രാഷ്ട്രീയ വിശ്വാസങ്ങൾക്കും അതീതമായി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുവാൻ പഠിക്കുക എന്ന സന്ദേശമാണ് ഈ സിനിമ നമുക്ക് കൈമാറുന്നത്. പുതുമുഖമായ വിഹാൻ വിഷ്ണു ആണ് നായകൻ. അറം എന്ന നയൻതാര ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്മിയുടെ മലയാളത്തിലെ ആദ്യ ചിത്രമാണ് അഞ്ചാം വേദം. മാധവി കാമ്പസ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ തമിഴിൽ ശ്രദ്ധേയനായ സജിത്ത് രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Read: ബോക്സ്ഓഫീസ് തൂക്കാൻ ലോകേഷ്-രജനികാന്ത് കോംബോ ഒന്നിക്കുന്നു; ‘കൂലി’ പുത്തൻ അപ്ഡേറ്റ്
കോളേജ്ഡെയ്സ്, പ്രമുഖൻ തുടങ്ങി ഏതാനും ചില സിനിമകളിലൂടെ സജിത്ത് രാജ് മലയാളികൾക്കും പരിചിതനാണ്. റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, സൗമ്യരാജ് എന്നിവർ ഗാനങ്ങൾ രചിച്ചിരിക്കുന്നു. ജോജി തോമസ് ആണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ബിനീഷ് രാജ് അഞ്ചാം വേദത്തിൻ്റെ തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്തതിനൊപ്പം വി എഫ് എക്സ് ചെയ്തിരിക്കുന്നു.
മറ്റ് അഭിനേതാക്കൾ അമർനാഥ്,ഹരിചന്ദ്രൻ,ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, അജിത്ത് പെരുമ്പാവൂർ,അനീഷ് ആനന്ദ്,സംക്രന്ദനൻ, നാഗരാജ്,ജിൻസി ചിന്നപ്പൻ, അമ്പിളി,സൗമ്യരാജ് തുടങ്ങിയവരാണ്. എഡിറ്റിംഗ് ഹരിരാജ ഗൃഹ.പശ്ചാത്തല സംഗീതം വിഷ്ണു വി ദിവാകരൻ.പ്രൊജക്റ്റ് ഡിസൈനർ രാജീവ് ഗോപി. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകർ .ആർട്ട് രാജേഷ് ശങ്കർ. കോസ്റ്റുംസ് ഉണ്ണി പാലക്കാട്. മേക്കപ്പ് സുധി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടർ ബാലു നീലംപേരൂർ. ആക്ഷൻ കുങ്ഫു സജിത്ത്. പി ആർ ഒ എം കെ ഷെജിൻ.