മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ് വിനീത്‌കുമാർ സംവിധാനം ചെയ്ത ‘പവി കെയർടേക്കറും’. കോമഡിയും റൊമാൻസും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനം നടത്തുകയാണ് ഈ ചിത്രത്തിൽ. നല്ല തമാശകളും വൈകാരിക രംഗങ്ങളുമൊക്കെയായി ദിലീപ് നിറഞ്ഞാടിയപ്പോഴൊക്കെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചരിത്രത്തിലേക്കാണ് ഈ സിനിമയും എത്തി നിൽക്കുന്നത്. കൊച്ചി നഗരത്തിലെ ഒരു പ്രമുഖ ഫ്ളാറ്റിലെ കെയർ ടേക്കറാണ് പവി വളരെ സീരിയസ്സായി കാര്യങ്ങളെ കാണുന്ന ഒരാളാണ് ഇദ്ദേഹം. പക്ഷേ അയാൾ ചെയ്തു വയ്ക്കുന്നതൊക്കെ പലപ്പോഴും ആനമണ്ടത്തരങ്ങളാകാറുണ്ട്. അങ്ങനെയുള്ള പവിയുടെ ജീവിതത്തിലെ അദൃശ്യ സാന്നിധ്യമായി ഒരു പെൺകുട്ടി എത്തുകയാണ്. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് പവി കെയർ ടേക്കറിന്റെ ആത്മാവ്.ആദ്യ പകുതിയിൽ പൊട്ടിച്ചിരികളുടെ അലമാലകലാണ് സിനിമ പകരുന്നത്. പല രംഗങ്ങളിലും ദിലീപ് പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ റൊമാൻ്റിക് നായകനായി പവി മാറുമ്പോഴും ചിരിക്ക് ഒട്ടും കുറവു വന്നിട്ടില്ല. ദിലീപിൻ്റെ ചടുതലയാർന്ന പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. വിന്റേജ് ദിലീപിനെ വീണ്ടും തിരശീലയിൽ കാണാനാകുന്ന നിരവധി രംഗങ്ങൾ സിനിമയിലുണ്ട്.പതിവു ദിലീപ് ചിരിപ്പടങ്ങൾപോലെ അദ്ദേഹത്തിനൊപ്പം മുഴുവൻ സമയം കട്ടയ്ക്ക് നിന്നു ചിരിപടർത്താൻ ഒത്തൊരു കൂട്ടാളിയൊന്നുമില്ല. എങ്കിലും ആ കുറവ് തൻറെ ഒറ്റയ്ക്കുള്ള പ്രകടനം കൊണ്ട് അദ്ദേഹം മറികടക്കുന്നുണ്ട്. അഭിനയത്തിലെന്നപോലെ സംവിധാനത്തിലും മികച്ച സാന്നിധ്യമായി മാറുകയാണ് വിനീത് കുമാർ. തമാശയും റൊമാൻസും ആക്ഷനുമൊക്കെ കൃത്യമായ അളവുകളിൽ ചേർത്ത് അദ്ദേഹം സിനിമ ഒരുക്കിയിരിക്കുന്നു. രാജേഷ് രാഘവന്റെ തിരക്കഥയും സംഭാഷണങ്ങളും ആസ്വാദ്യമെന്ന് പറയാതെ വയ്യ. ഉള്ളിൽ തട്ടുന്ന നിമിഷങ്ങളും ഹൃദയാർദ്രമായ കഥാപാത്രങ്ങളും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.
READ: സംവിധായകൻ വെട്രിമാരന്റെ വെളിപ്പെടുത്തല്‍; ദളപതി 69ല്‍ ആശങ്ക…
സനു താഹിറിന്റെ ഛായാഗ്രഹണവും സിനിമയെ പ്രേക്ഷകരോടെ ചേർത്തു നിർത്തുന്നതാണ്. ദിലീപിനൊപ്പം എത്തുന്ന അഞ്ച് പുതുമുഖ നായികമാരാണ് പവി കെയർ ടേക്കറിന്റെ മറ്റൊരു പ്രത്യേകത. ജോണി ആന്റണി, രാധിക ശരത്‌കുമാർ, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരുടെ പ്രകടനവും കയ്യടി നേടുന്നതാണ്. റോം കോം സിനിമയായി എത്തി ഈ അടുത്ത് വലിയ വിജയം നേടിയ സിനിമകൾക്കു ലഭിച്ച വലിയ പൊട്ടിച്ചിരിയാണ് ഈ സിനിമയും സമ്മാനിക്കുന്നത്. ദിലീപിൻ്റെ വൺമാൻ ഷോ ആയി വിശേഷിപ്പിക്കാവുന്ന ‘പവി കെയർ ടേക്കർ’ പ്രേക്ഷകരെ നിരാശപ്പെടുത്താനിടയില്ല.