നഗരത്തിലെ ഒരു ഐടി സ്ഥാപനത്തിലെ മേധാവി ഐസക്ക് ജോണിൻ്റെ മരണവും ചുരുങ്ങിയ സമയംകൊണ്ട് നടക്കുന്ന അന്വേഷണത്തിലുമൂന്നിയാണ് ‘ഗോളം’ എന്ന ഇൻവസ്റ്റിഗേഷൻ ചിത്രം പുരോഗമിക്കുന്നത്. മരണപ്പെട്ടയാളുടെ പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണ ചുമതല ലഭിക്കുന്നത് എ.എസ്.പി സന്ദീപ് കൃഷ്ണനാണ്. സ്വാഭാവിക മരണമെന്ന് കൂടെയുള്ള പോലീസുകാർ വിധിയെഴുതുമ്പോഴും അത് അപ്പാടെ വിശ്വസിക്കാൻ എ.സി.പി തയാറാകുന്നില്ല. തുടർന്ന് കേസിന് പിന്നാലെയുള്ള സന്ദീപിൻ്റെ യാത്രയാണ് ചിത്രം. അപ്രതീക്ഷിത സംഭവങ്ങളിലൂടെയും ത്രസിപ്പിക്കുന്ന നിമിഷങ്ങളിലൂടെയുമാണ് ചിത്രം പിന്നീട് സഞ്ചരിക്കുന്നത്. ഒരു ഓഫീസ് മുറിയെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്.രഞ്ജിത്ത് സജീവാണ് നായകകഥാപാത്രമായ എ.എസ്.പി സന്ദീപിനെ അവതരിപ്പിച്ചിരിക്കുന്നത്. ഐസക്ക് ജോണായി ദിലീഷ് പോത്തനും വേഷമിട്ടിരിക്കുന്നു. ചിന്നു ചാന്ദ്നി, സണ്ണി വെയ്ൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.കേസിൻ്റെ ചുരുളഴിഞ്ഞ് മുന്നേറുന്ന ഓരോ നിമിഷവും ഉദ്വേഗഭരിതമായി ഒരുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഗംഭീര മേക്കിങ്ങിലൂടെ ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിനാകുന്നുണ്ട്. പ്രവീൺ വിശ്വനാഥും സംജാദുമാണ് ‘ഗോള’ത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാൽ സമ്പന്നമാണ് ചിത്രം.പാട്ടുകൾ കഥാപരിസരത്തിന് അനുയോജ്യമായി അണിയിച്ചൊരുക്കിയ സംഗീത സംവിധായകൻ എബി സാൽവിൻ തോമസ് പ്രശംസ അർഹിക്കുന്നു. ചിത്രത്തിൻ്റെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാറാണ്. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിർവഹിക്കുന്നു.