നിനക്കായ്‌, ആദ്യമായ്, ഓര്‍മ്മയ്ക്കായ്, സ്വന്തം, ഇനിയെന്നും ,എന്നെന്നും… ഇതിഹാസ വിജയമായി മാറിയ ഈ പ്രണയഗാന സമാഹാരങ്ങങ്ങള്‍ക്ക് ഒരു തുടര്‍ച്ച… വീണ്ടും… 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ഒരുക്കിയ ‘വീണ്ടും’ എന്ന പ്രണയഗാന സമാഹരത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.

പ്രണയദിനത്തില്‍ കൊച്ചി കലൂര്‍ ഐ.എം.എ ഹാളില്‍ സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങില്‍ നടന്മാരായ ദിലീപ്, ഇന്ദ്രന്‍സ് എന്നിവര്‍ ചേര്‍ന്ന് ഈസ്റ്റ്‌ കോസ്റ്റ് വിജയന് ‘വീണ്ടും’ ആല്‍ബത്തിന്റെ സി.ഡി കൈമാറിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. ചലച്ചിത്ര താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി, മണികണ്ഠന്‍, സഞ്ജു ശിവറാം, ജിബിന്‍ ഗോപിനാഥ്, സാദിഖ്, മോക്ഷ, അംബിക മോഹന്‍, പൗളി വത്സന്‍, തെസ്നി ഖാന്‍, ഗൗരി നന്ദ, സരയൂ മോഹന്‍, ശ്രുതി ലക്ഷ്മി, ഗീതി സംഗീത, ഗായകന്‍ നജിം അര്‍ഷാദ്, സംവിധായകരായ ജി.എസ് വിജയന്‍, എം.പദ്മകുമാര്‍, കണ്ണന്‍ താമരക്കുളം,.

ചലച്ചിത്ര നിര്‍മ്മാതാക്കളായ ബി.രാകേഷ്, ഔസേപ്പച്ചന്‍ വാളക്കുഴി, ബാദുഷ തുടങ്ങി ചലച്ചിത്ര-സംഗീത-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ സമ്പന്നമാക്കി. ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ രചിച്ച് രണ്ജിന്‍ രാജ് ഈണമിട്ട് വിജയ്‌ യേശുദാസ് പാടിയ ‘ഒരുപാട് സ്നേഹം ചൊരിഞ്ഞു നീ എപ്പോഴും…’ എന്ന് തുടങ്ങുന്ന വീണ്ടും ആല്‍ബത്തിലെ ഗാനത്തിന്റെ ‘മ്യൂസിക് വീഡിയോ’യും ചടങ്ങില്‍ വച്ച് ദിലീപ് റിലീസ് ചെയ്തു. മോഡലുകളും ദമ്പതിമാരുമായ വിഷ്ണു, സ്വര്‍ണ എന്നിവരാണ്‌ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഈസ്റ്റ്‌ കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത മ്യൂസിക് വീഡിയോ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്.

ശരിക്കും പറഞ്ഞാൽ പ്രണയത്തിന്റെ ഒരു ഹോൾ സെയിൽ ഡീലർ പോലെയാണ് ഞാൻ വിജയൻ ചേട്ടനെ കാണുന്നതെന്ന് നടന്‍ ദിലീപ് പറഞ്ഞു. ‘വീണ്ടും’ ആല്‍ബത്തിന്റെ റിലീസ് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഈ മനുഷ്യന് ഇത്രയധികം പ്രണയമുണ്ടോ എന്നുപോലും തോന്നിപോകും. പലതരം ചിന്തകളിലൂടെ പലവിധം വാക്കുകൾ തപ്പി എടുത്ത് എഴുതിയാണ് അദ്ദേഹം ഗാനങ്ങൾ ഉണ്ടാക്കുന്നത്.

ആ ഗാനങ്ങളിൽ എല്ലാം പ്രണയം നിറച്ചു വച്ചിരിക്കുന്നു. പ്രണയത്തിന്റെ ഓരോ ഡൈവേർഷൻസ് ഏതൊക്കെ തലത്തിൽ ചിന്തിക്കാം എന്നതിനെക്കുറിച്ചാണ് അദ്ദേഹം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. പ്രണയത്തിന്റെ തലങ്ങൾ; അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ നമുക്ക കാണാനും കേൾക്കാനും സാധിക്കും. പ്രണയം എന്നത് വലിയ ഒരു ഫീൽ ആണ്. അതൊക്കെ വിജയേട്ടന്റെ ഗാനങ്ങളിലൂടെ കിട്ടും.” – ദിലീപ് പറഞ്ഞു.ഉണ്ണിമേനോന്‍, നജിം അര്‍ഷാദ്, റിമി ടോമി, മോക്ഷ എന്നിവര്‍ ആലപിച്ച മറ്റു നാല് ഗാനങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത “കള്ളനും ഭഗവതിയും” എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ നടി മോക്ഷയെ ആദ്യമായി ഗായികയായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ മ്യൂസിക്കല്‍ ആല്‍ബത്തിനുണ്ട്.’

പ്രണയാനുഭവങ്ങളുടെ മധുരമാം ഓര്‍മ്മകള്‍’ എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ സംഗീത ആല്‍ബത്തില്‍ വിജയ്‌ യേശുദാസ് പാടിയ “ഒരുപാട് സ്നേഹം”, നജിം അര്‍ഷാദ് പാടിയ “എന്താണ് ചെയ്യേണ്ടതെന്നറിയില്ല”, ഉണ്ണിമേനോന്‍ പാടിയ “ഒന്നും പറയുവാന്‍”, മോക്ഷ ആലപിച്ച “ഒരുപാട് സ്നേഹം (Female)”, റിമി ടോമി പാടിയ “ഒന്നും പറയുവാന്‍ (Female)” എന്നിങ്ങനെ അഞ്ച് ട്രാക്കുകള്‍ ആണ് ഉള്ളത് . ഗാനങ്ങള്‍ സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്, ആമസോണ്‍ മ്യൂസിക്, യൂട്യൂബ് മ്യൂസിക്, ജിയോ സാവന്‍ ഉള്‍പ്പടെ എല്ലാ പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലും ഇപ്പോള്‍ ലഭ്യമാണ്.എ എസ് ദിനേശ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *