നിഷ്‍കളങ്കമായ ആ ചിരി ഇനിയില്ല; നടി ആർ സുബ്ബലക്ഷ്‍മി അന്തരിച്ചു.

നടി ആർ സുബ്ബലക്ഷ്‍മി അന്തരിച്ചു. 87 വയസ്സായിരുന്നു. സംഗീതജ്ഞയുമായി പേരുകേട്ട സുബ്ബലക്ഷ്‍മിയുടെ അന്ത്യം സംഭവിച്ചത് തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. നന്ദനം, രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ നിരവധി ഹിറ്റുകളില്‍ വേഷമിട്ടിരുന്നു.സംഗീതജ്ഞയായിട്ടായിരുന്നു ആർ സുബ്ബലക്ഷ്‍മി കലാ രംഗത്ത് അരങ്ങേറിയത്. ജവഹര്‍ ബാലഭവനില്‍ ഡാൻസ് അധ്യാപകയായും സിനിമയ്‍ക്ക് മുന്നേ സുബ്ബലക്ഷ്‍മി പേരെടുത്തിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയില്‍ 1951ല്‍ ആർ സുബ്ബലക്ഷ്‍മി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഡബ്ബിംഗ് ആര്‍ടിസ്റ്റായും സുബ്ബലക്ഷ്‍മി തിളങ്ങിയിരുന്നു.സിനിമയില്‍ അരങ്ങേറ്റം നന്ദനത്തിലൂടെയായിരുന്നു. വേശാമണി അമ്മാള്‍ എന്ന മുത്തശ്ശി കഥാപാത്രത്തിലൂടെ ആര്‍ സുബ്ബലക്ഷ്‍മി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.

ചിരിയില്‍ തെല്ലൊരു നൊമ്പരവും ഉള്ളിലൊതുക്കുന്ന രംഗങ്ങളും ചിത്രത്തില്‍ ആര്‍ സുബ്ബലക്ഷ്‍മി മികവുറ്റതാക്കി. സുബ്ബലക്ഷ്‍മിയെ പ്രിയങ്കരിയാക്കിയ മറ്റൊരു മുത്തശ്ശി കഥാപാത്രം കല്യാണ രാമനിലേതായിരുന്നു. കാര്‍ത്ത്യായണിയായിരുന്നു സുബ്ബലക്ഷ്‍മി കല്യാണ രാമനില്‍. ഉണ്ണിക്കൃഷ്‍ണൻ നമ്പൂതിരിയുടെ മുത്തശ്ശൻ കഥാപാത്രവുമായുള്ള സുബ്ബലക്ഷ്‍മിയുടെ കെമിസ്‍ട്രി വര്‍ക്കായതും അവരുടെ ചിരി പടര്‍ത്തിയ വാര്‍ദ്ധക്യ പ്രണയും നിഷ്‍കളങ്കമായ നാണവും മോണകാട്ടിയുള്ള ചിരിയുമെല്ലാം കല്യാണ രാമന്റെ വിജയഘടകങ്ങളായിരുന്നു. വിജയ് നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ബീസ്റ്റിലായിരുന്നു ആര്‍ സുബ്ബലക്ഷ്‍മി അവസാനമായി വേഷമിട്ടത്.

ജാക്ക് ആൻഡ് ഡാനിയല്‍ മോഹൻലാല്‍ ചിത്രം റോക്ക് ആൻഡ് റോള്‍ എന്നിവയില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റുമായിരുന്ന തിളങ്ങിയ ആര്‍ സുബ്ബലക്ഷ്‍മി മലയാളത്തിനും തമിഴിനും പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്. സംസ്‍കൃതം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, രുദ്ര സിംഹാസനം തുടങ്ങിയവയില്‍ ഗായികയായും തിളങ്ങി ആര്‍ സുബ്ബലക്ഷ്‍മി. ഭര്‍ത്താവ് കല്യാണകൃഷ്‍ണൻ. നടിയായ താരാ കല്യാണ്‍ മകളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *