കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ രാജീവ് ആലുങ്കൽ എന്ന പേരു കൂടി എഴുതിച്ചേർക്കാതെ മലയാള ഗാനശാഖ പൂർണമാകില്ല. എനിക്കേറെ പ്രിയപ്പെട്ട രാജീവ് തന്റെ പാട്ടെഴുത്ത് ജീവിതത്തിൽ 30 സംവത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണ്. സ്വന്തം കൂടപ്പിറപ്പ് സ്വന്തമാക്കിയ നേട്ടത്തോളം വിലപിടിപ്പുള്ളത്.
49 വർഷത്തെ തന്റെ ജീവിതത്തിൽ 30 വർഷവും പാട്ടുകളെഴുതിയ മറ്റൊരാളുണ്ടാകുമോ എന്നറിയില്ല. രാജീവ് അങ്ങനെയൊരു അപൂർവ മനുഷ്യനാണ്. വയലാറിന്റെ നാട്ടിൽ നിന്ന് വന്ന് ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം നേടിയെടുക്കുമ്പോൾ രാജീവിന് പറയാൻ പിന്മുറക്കാരുടെ പശ്ചാത്തലമില്ലായിരുന്നു. ഉണ്ടായിരുന്നത് സ്വപ്രയത്നവും അക്ഷരങ്ങൾ കൊണ്ട് വിസ്മയങ്ങൾ തീർക്കാൻ ശേഷിയുള്ള കഴിവുമായിരുന്നു.
250 നാടകങ്ങളിലായി ആയിരത്തോളം പാട്ടുകൾ, 130 സിനിമകൾക്കായി നാനൂറോളം, 260 ആൽബങ്ങളിലായി 2500-ൽ അധികം. നാടകങ്ങളിലും ആൽബങ്ങളിലും സിനിമകളിലുമായി 4200 ഗാനങ്ങൾ രചിച്ചതിന് 2021-ൽ യു.ആർ.എഫ് നാഷണൽ റെക്കോർഡ് വരെ രാജീവിലെത്തി.
മാന്ത്രികക്കരടി എന്ന നാടകത്തിലെ ‘സ്നേഹസരോവര തീരത്തു നിൽക്കും ശ്രീകോവിലീ കുടുംബം’ എന്ന വരികളിൽ തുടങ്ങുന്നു ലോകമറിയാൻ തുടങ്ങിയ രാജീവ്. 2003-ൽ ചലച്ചിത്ര പിന്നണി ഗാനങ്ങൾക്ക് തൂലിക ചലിപ്പിക്കാൻ രാജീവ് തീരുമാനിച്ച ശേഷം ആദ്യം പുറത്തിറങ്ങിയത് ‘ഹരിഹരൻ പിള്ള ഹാപ്പിയാണ്’ എന്ന മോഹൻലാൽ സിനിമയായിരുന്നു. അതിലെ മുന്തിരിവാവേ, തിങ്കൾ നിലാവിൽ എന്നീ ഗാനങ്ങൾ രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു. ചെമ്പകവല്ലികളിൽ, ഒരു കിങ്ങിണിക്കാറ്റ്, കന്നിപ്പെണ്ണേ എന്നിങ്ങനെ ഹിറ്റ് ഗാനങ്ങളുടെ പട്ടിക നീളും. ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന സിനിമയിൽ ആലപ്പുഴയെ വർണിക്കുന്ന പാട്ട് വേണമെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞപ്പോൾ രാജീവ് എഴുതിയതാണ് ‘താമരപ്പൂംതേൻ കുറുമ്പ് മേരിക്കൊരാൺ കുരുന്ന്’. 40 വർഷം മുൻപ് പറഞ്ഞിരുന്ന ആലപ്പുഴ വളവും കൈനകരിയും കുട്ടനാടുമൊക്കെ രാജീവിന്റെ പേനയിൽ നിന്നൊഴുകിയപ്പോൾ മലയാള സിനിമാ ഗാനങ്ങളിലെ ഏറ്റവും മനോഹരമായ ആലപ്പുഴയാവുകയായിരുന്നു ഇത്. എ.ആർ റഹ്മാൻ, ടൈറ്റാനിക് സിനിമയ്ക്കു പശ്ചാത്തല സംഗീതം നൽകിയ ജോൺ ആൾട്ട്മാൻ എന്നിവർ ചിട്ടപ്പെടുത്തിയ സംഗീതത്തിന് വരികൾ എഴുതിയതോടെ ദേശാന്തരങ്ങൾ ഭേദിച്ച് രാജീവിന്റെ വരികൾ പകർന്നുകയറി. താജ്മഹലിന്റെ പ്രൗഢി ലോകത്തെ അറിയിക്കാൻ എ.ആർ റഹ്മാൻ 4 ഭാഷകളിലായി 4 പാട്ടുകൾ ചിട്ടപ്പെടുത്തിയപ്പോൾ മലയാളം വരികളെഴുതിയത് രാജീവാണ്. ‘ഋതുസുന്ദരികൾ വഴിമാറും കാലം പുതുപുതു ഗതി തേടും’ എന്നു തുടങ്ങുന്ന വരികൾ. കെ.പി കുമാരന്റെ ആകാശഗോപുരം എന്ന സിനിമയിലാണ് ജോൺ ആൾട്ട്മാൻ രാജീവിന്റെ വരികൾക്ക് സംഗീതം നൽകിയത്. ‘പ്രണയമൊരു മുന്തിരി വീഞ്ഞുപോലെ’ എന്നു തുടങ്ങുന്ന പാട്ട്.
അർഹിക്കുന്ന അംഗീകാരം എക്കാലവും രാജീവിൽ നിന്ന് അകന്നുനിന്നിട്ടേയുള്ളൂ. ഒരുപക്ഷേ മറ്റൊന്നായിരുന്നു ജന്മനാടെങ്കിൽ രാജീവ് ഇതിനുമപ്പുറം അംഗീകരിക്കപ്പെടുമായിരുന്നുവെന്ന് വരെ തോന്നിപ്പോകുന്നു. അത്രയധികം തന്റെ സർഗ്ഗസൃഷ്ടികൾക്ക് അവഗണന നേരിട്ട കലാകാരനാണ് രാജീവ്. ഇനിയുമെത്ര അവസരങ്ങളും അംഗീകാരങ്ങളും അയാൾക്ക് കിട്ടേണ്ടിയിരുന്നു.
വർഷങ്ങൾ നീണ്ട ബന്ധമെന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയുന്നതല്ല രാജീവുമായുള്ള സൗഹൃദം. ചേർത്തലയിൽ ജീവിച്ച് ആലപ്പുഴക്കാരുമായി ഹൃദയബന്ധം സ്ഥാപിച്ച രാജീവ് ഇന്നും എന്നും ഒരു സഹോദരനെപ്പോലെ എന്റെ ഒപ്പമുണ്ട്. പ്രശസ്തിയും അംഗീകാരങ്ങളും തേടിയെത്തിയപ്പോഴും അതിന്റെയൊന്നും ആലഭാരങ്ങളില്ലാതെ ഇടപഴുകുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു രാജീവ് എപ്പോഴും. എം.പി എന്ന നിലയിൽ ആലപ്പുഴയിൽ രാഷ്ട്രീയാതീതമായി ഞാൻ സംഘടിപ്പിച്ച മിക്ക പരിപാടികളിലും സദസ്സ് നിറയും മുൻപേ രാജീവ് അവിടെയുണ്ടാകുമായിരുന്നു. അതിഥിയായി ക്ഷണിച്ചാലും എത്തുന്ന നിമിഷം മുതൽ രാജീവ് സംഘാടകനായി മാറും. ആ വേഷപ്പകർച്ച വളരെ സന്തോഷം പകരുന്ന കാഴ്ചയായിരുന്നു. ആയിരക്കണക്കിന് പ്രതിഭാധനരായ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി വർഷം തോറും സംഘടിപ്പിച്ചിരുന്ന പൊൻതൂവൽ മെറിറ്റ് അവാർഡിലും രാജീവ് സ്ഥിരം സാന്നിദ്ധ്യവും വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട പ്രഭാഷകനുമായിരുന്നു.
കഴിയുമ്പോഴൊക്കെ നേരിൽക്കാണാനും അല്ലാത്തപ്പോഴൊക്കെ ഫോണിൽ ബന്ധപ്പെടാനും കഴിയുന്നുണ്ട്. എല്ലാ വിശേഷങ്ങളും പരസ്പരം പങ്കുവെയ്ക്കാൻ കഴിയുന്ന, സന്തോഷങ്ങളിലും നഷ്ടങ്ങളിലും കൂട്ടായി നിൽക്കുന്ന രാജീവിന്റെ ഈ നേട്ടത്തിൽ ഏറ്റവുമധികം സന്തോഷിക്കുന്നയാൾ ഞാനാകും.