മലയാളത്തിന്റെ പ്രിയ അഭിനേത്രി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ 1945 സെപ്തംബർ പത്തിനാണ് ജനനം. നാടകങ്ങളിലൂടെയാണ് സിനിമാരംഗത്തെത്തിയത്. 1962 ൽ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം ആണ് ആദ്യ ചിത്രം. ഒടുവിൽ വേഷമിട്ടത് 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തിൽ. നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. ആദ്യകാല നിർമാതാവ് അന്തരിച്ച മണിസ്വാമിയാണ് ഭർത്താവ്. ഏകമകൾ ബിന്ദു അമേരിക്കയിൽ സ്ഥിരതാമസം. മരുമകൻ: വെങ്കിട്ടരാമൻ(മിഷിഗൺ സർവകലാശാല).