തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ബജറ്റില്‍ വലിയ വര്‍ധന വരുത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ ധൈര്യം പകര്‍ന്ന ഫ്രാഞ്ചൈസി കൂടിയായിരുന്നു ബാഹുബലി. വരാനിരിക്കുന്ന ചിത്രത്തിലും വിസ്‍മയങ്ങളാണ് രാജമൗലി കാത്തുവച്ചിരിക്കുന്നത്.മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് രാജമൗലിയുടേതായി അടുത്ത് വരാനിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവാന്‍ തയ്യാറെടുക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 1000 കോടി ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ തെലുങ്ക് സംവിധായകന്‍ തമ്മറെഡ്ഡി ഭരദ്വാജയുടെ വാക്കുകള്‍ എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തെ വീണ്ടും ചര്‍ച്ചകളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.നിര്‍മ്മാതാക്കള്‍ ചിത്രത്തിന്‍റെ ബജറ്റ് കണക്കാക്കിയിരിക്കുന്നത് 1000-1300 കോടിയാണെന്ന് അദ്ദേഹം പറയുന്നു. “മിനിമം 2000 കോടിയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ബോക്സ് ഓഫീസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

Read: താരങ്ങളുടെ പ്രതിഫലം തന്നെ 500 കോടി! പ്രതീക്ഷിക്കുന്ന മിനിമം കളക്ഷൻ 2000 കോടി; ഒരുങ്ങുന്നത് വിസ്‍മയ ചിത്രം

അത് 3000, 4000 കോടിയിലേക്കൊക്കെ വര്‍ധിക്കുമോ എന്ന് നമുക്ക് അറിയില്ല. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ആരും ഇത്രയും ബജറ്റില്‍ ഒരു സിനിമ നിര്‍മ്മിച്ചിട്ടില്ല”, തമ്മറെഡ്ഡി ഭരദ്വാജ ഐഡ്രീം ഫിലിംനഗറിനോട് പറഞ്ഞു.അതേസമയം ആകെ ബജറ്റില്‍ 400- 500 കോടിയോളം ചിത്രത്തിലെ അഭിനേതാക്കള്‍ക്കുള്ള പ്രതിഫലം ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അന്തര്‍ദേശീയ താരങ്ങളെയും രാജമൗലി മഹേഷ് ബാബുവിനൊപ്പം എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ജനുവരിയിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ആണെന്ന് കരുതപ്പെടുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഹൈദരാബാദിലെ പ്രത്യേകം തയ്യാറാക്കുന്ന സെറ്റുകളിലും ഒപ്പം വിദേശങ്ങളിലെയടക്കം യഥാര്‍ഥ ലൊക്കേഷനുകളിലും ആയിരിക്കും. വിഎഫ്എക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇത്. പൃഥ്വിരാജ് സുകുമാരനായിരിക്കും ഈ ചിത്രത്തിലെ പ്രതിനായകനെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇതിന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *