ഈ വർഷം ഇതുവരെ മലയാള സിനിമയിൽ ലഭിച്ചത് ഒരുപിടി മികച്ച സിനിമകളാണ്. അവയിൽ ഏറെയും വൻ ഹൈപ്പോ പ്രൊമോഷൻ പരിപാടികളോ ഒന്നും ഇല്ലാതെ ഹിറ്റടിച്ച സിനിമകളാണ്. അതായത് സൈലന്റ് ആയി വന്ന് സൂപ്പർ ഹിറ്റായി ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വച്ച സിനിമകൾ. ഈ അവസരത്തിൽ 2023ൽ ഇതുവരെ ഇറങ്ങിയതിൽ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. സൂപ്പർ താരത്തിന്റെ ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്. ബാക്കി മൂന്ന് സിനിമകളും യുവതാരങ്ങൾ തകർത്താടിയ ചിത്രങ്ങളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഒന്നാം സ്ഥാനത്ത് ഉള്ളത് ‘2018’ ആണ്.
ജൂഡ് ആന്റിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥയാണ് പറഞ്ഞത്. ടൊവിനോ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. ഈ വർഷത്തെ ഒസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ ‘കണ്ണൂർ സ്ക്വാഡ്’ ആണ് രണ്ടാം സ്ഥാനത്ത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് റോബി വർഗീസ് രാജ് ആണ്. 100 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം ആറാം വാരത്തിലും മികച്ച സ്ക്രീൻ കൗണ്ടേടെ പ്രദർശനം തുടരുകയാണ്. മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ‘രോമാഞ്ചം’ ആണ്. ജിത്തു മാധവന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം തിയറ്ററിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.
READ: മലയാള സിനിമാ ചരിത്രത്തില്‍ മറ്റൊരു സിനിമയ്ക്കും അവകാശപ്പെടാനില്ല, ‘ടർബോ’യിലൂടെ ആദ്യം…
ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെ തിയറ്ററുകളിൽ ചിരി ഉണർത്തിയ ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം സൗബിൻ, അർജുൻ അശോകൻ എന്നിവരും വേഷമിട്ടിരുന്നു. നാലാം സ്ഥാനത്ത് ‘ആർഡിഎക്സ്’ ആണ്. വൻ ഹൈപ്പൊന്നും ഇല്ലാതെ എത്തി ഹിറ്റടിച്ച ചിത്രം. ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. നഹാസ് ഹിദായത്ത് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. അഞ്ചാം സ്ഥാനത്ത് മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ആണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം വൻ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയിരുന്നു. മമ്മൂട്ടി എന്ന നടന്റെ മറ്റൊരു ഏട് കൂടി ആയ ചിത്രം ഐഎഫ്എഫ്കെയിൽ അടക്കം പ്രദർശിപ്പിച്ചിരുന്നു. മേളയിൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം.