സേതുനാഥ് പ്രഭാകർ എഴുതിയ ‘പേര് ശ്രീരാമൻ’ എന്ന നോവലിന്റെ പ്രകാശന കർമ്മം നടന്നു.

സേതുനാഥ് പ്രഭാകർ എഴുതിയ ‘പേര് ശ്രീരാമൻ’ എന്ന നോവലിന്റെ പ്രകാശന കർമ്മം നടന്നു.നോവലിസ്റ്റ് ശ്രീ.ടി ഡി രാമകൃഷ്ണൻ, സിനിമ സംവിധായകൻ ജിയോ ബേബി എന്നിവരാണ് പ്രകാശനം നടത്തിയത്. കവി ശ്രീ ശ്രീജിത്ത് അരിയല്ലൂർ ആമുഖ പ്രഭാഷണം നടത്തി. എഴുത്തുകാരനായ ടി ഡി രാമകൃഷ്ണനിൽ നിന്നും ജിയോ ബേബി പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനും ചിത്രകാരനുമായ പ്രഭാകറിന്റെ രണ്ടാമത്തെ നോവലാണ് ‘പേര് ശ്രീരാമൻ’… ആദ്യ നോവലായ ‘ഭ്രൂണം’ 2001-ൽ പ്രസിദ്ധീകരിച്ചിരുന്നു. കോതമംഗലം സ്വദേശിയായ സേതുനാഥ്പ്രഭാകർ ബറോഡയിൽ ചിത്രകല പഠനം പൂർത്തിയാക്കി. ഗുജറാത്തിൽ ദ്യാരകയ്ക്ക് അടുത്തുള്ള ജൈന ക്ഷേത്രത്തിൽ, ആരാധന ദാമിലെ ആർട്ട് ഗ്യാലറിയിലുള്ള മുഴുവൻ ചിത്രങ്ങളും വരച്ചു. മാതൃഭൂമി, കലാകൗമുദി, കുങ്കുമം, സമകാലിക മലയാളം എന്നീ വാരികകളിൽ എഴുതി കഥകൾ പ്രസിദ്ധീകരിച്ചു.

2009 -ൽ ഓസ്ട്രേലിയയിലേക്ക് കുടിയേറി, മെൽബണിലെ പ്രധാന ഗ്രൂപ്പ് എക്സിബിഷനിൽ പങ്കെടുത്ത് വരുന്നു. ഓസ്ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി പ്രൈഡ് ഓഫ് ഓസ്ട്രേലിയ’ എന്ന പോർട്രൈറ്റ് സീരീസ് വിക്ടോറിയൻ പാർലമെന്റിൽ പ്രദർശിപ്പിക്കപ്പെട്ടു. അതേ വർഷം തന്നെ ഒമാന്റെ 47-മതു നാഷണൽ ഡേയിൽ മസ്കറ്റിൽ ഫൈൻ ആർട്സ് ഓഫ് ഒമാൻ ചിത്ര പ്രദർശനം നടത്തി. ഇന്ത്യൻ മിത്തോളജിയെയും ഗാന്ധിജിയെയും അവലംബിച്ചു കൊണ്ടുള്ള കണ്ടംപററി സീരീസ് ആണ് പുതിയ പെയിന്റിംഗുകൾ. ഒരു ഇടവേളക്കുശേഷം വീണ്ടും എഴുത്തിൽ സജീവമായിരിക്കുകയാണ് സേതുനാഥ് പ്രഭാകർ. സമരസപ്പെടാത്ത വിപ്ലവകാരിയുടെ സർഗ ജീവിതവും നീതി ബോധവും ശ്രീരാമൻ എന്ന കഥാപാത്രത്തിലൂടെ നോവലിൽ ഉടനീളം പ്രകടമാക്കുകയാണ് സേതുനാഥ്.

‘ആത്മ’ കഥയെന്നോ, അന്വേഷണമെന്നോ വേർതിരിക്കാനാവാത്ത ഭാഷയുടെ സംഗീതം നമുക്ക് ആസ്വദിക്കാനാവും. നിലനിൽക്കുന്ന-സദാചാര, ആചാര ക്രമങ്ങളിലൊന്നും ഒതുങ്ങി ജീവിക്കാത്ത ശ്രീരാമൻ മത നിരപേക്ഷ മാനവികതയുടെ വക്താവായി വളരുന്നുണ്ട്. പക്ഷെ, ഭരണകൂടവും മേൽക്കോയ്മാ ബോധവും ചേർന്ന് പോരാട്ടങ്ങളെയും പ്രതിരോധങ്ങളെയും എങ്ങനെ വക വരുത്തുന്നു എന്ന് നോവൽ കൃത്യമായി വരച്ചിടുന്നു. നോവലിലെ ഭൂപ്രകൃതികളും കാലവും കഥാപത്രങ്ങളും പല മട്ടിൽ ഓരോ രാഷ്ട്രീയത്തെയും കാപട്യങ്ങളെയും തുറന്നു കാണിക്കുന്നു. നേരിന്റെ വഴി തേടുന്നവർ ഭ്രാന്തിന്റെ മുനമ്പുകളിലാണ് എക്കാലവും എത്തിപ്പെടുന്നത് എന്ന് നോവൽ അടയാളപ്പെടുത്തുന്നു.

ബന്ധങ്ങളും ബന്ധനങ്ങളും സ്വാതന്ത്ര്യവും ആസക്തികളും സർഗാത്മകത ഉള്ളിൽ പേറുന്നവർക്ക് പെട്ടന്ന് തിരിച്ചറിയാനാവും. ഹിന്ദുത്വയുടെയും ഗുജറാത്ത് കലാപത്തിന്റെയും ആസൂത്രിതമായ കരുനീക്കങ്ങൾ നോവൽ വെളിപ്പെടുത്തുന്നു. നോവലുകൾ വിറ്റ കണക്കിന് വാഴ്ത്തപ്പെടുകയും വിൽക്കുവാനുള്ള തന്ത്രങ്ങൾ പലമട്ടിൽ മെനയപ്പെടുകയും ചെയ്യുന്ന കാലത്ത് രാഷ്ട്രീയ ജാഗ്രതയുള്ള വായനക്കാരിൽ നിശബ്ദമായ വലിയൊരാഘാതം സൃഷ്ടിക്കുന്നുണ്ട് ‘പേര് ശ്രീരാമൻ’. പി ആർ ഒ. എം കെ ഷെജിൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *