തമിഴ് സംഗിത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിച്ചു. പരസ്പരമുള്ള 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചതായി സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും അറിയിച്ചത്.”സുദീര്‍ഘമായ ആലോചനകള്‍ക്കിപ്പുറം, 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ ഞാനും ജി വി പ്രകാശും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ ഇരുവരുടെയും മനസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് ഇത്. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്‍റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങള്‍ അപേക്ഷിക്കുന്നു. പിരിയുകയാണെന്ന് തിരിച്ചറിയുമ്പോള്‍ത്തന്നെ ഇത് ഞങ്ങള്‍ക്ക് അന്യോന്യം എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്നും മനസിലാക്കുന്നു. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ മനസിലാക്കലും പിന്തുണയും ഏറെ വലുതാണ്. നന്ദി”, സൈന്ധവി കുറിച്ചു. ഇതേ കത്ത് ജി വി പ്രകാശ് കുമാറും പങ്കുവച്ചിട്ടുണ്ട്.2013 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. 2020 ല്‍ അന്‍വി എന്ന മകള്‍ ഉണ്ടായി. സ്കൂള്‍ കാലം മുതലേ അടുപ്പമുള്ളവരാണ് ഇരുവരും. ജെന്‍റില്‍മാന്‍ എന്ന ചിത്രത്തില്‍ എ ആര്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജി വി പ്രകാശ് കുമാറിന്‍റെ സിനിമാരംഗത്തേക്കുള്ള കടന്നുവരവ്. എ ആര്‍ റഹ്‍മാന്‍റെ സഹോദരി റെയ്‍ഹാനയുടെയും ജി വെങ്കടേഷിന്‍റെയും മകനാണ് ജി വി പ്രകാശ് കുമാര്‍. പിന്നീട് സംഗീത സംവിധായകനായും നടനായും നിര്‍മ്മാതാവായും അദ്ദേഹം വിജയങ്ങള്‍ കണ്ടെത്തി. കര്‍ണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് തമിഴ് സിനിമയില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു.