ഇന്ത്യന്‍ സിനിമയില്‍ ഒരു സംവിധായകന്‍റെ അടുത്ത സിനിമയ്ക്കുവേണ്ടി പ്രേക്ഷകരില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്നത് ആരാണ്? എസ് എസ് രാജമൗലി തന്നെ ആയിരിക്കും അത്. ബാഹുബലി: ദി ബിഗിനിംഗ് എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരുടെ സ്നേഹബഹുമാനങ്ങള്‍ നേടിയ സംവിധായകന്‍. ബാഹുബലി ഫ്രാഞ്ചൈസിക്കിപ്പുറം ഒറ്റ ചിത്രം മാത്രമേ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ എത്തിയിട്ടുള്ളൂ. 2022 ല്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍. പാശ്ചാത്യ ലോകത്തും തരംഗം തീര്‍ത്ത ചിത്രം ഓസ്‍കര്‍ പുരസ്കാരമടക്കം നേടുകയും ചെയ്തു. മഹേഷ് ബാബുവാണ് ഇനിയും പേരിട്ടിട്ടില്ലാത്ത രാജമൗലിയുടെ അടുത്ത ചിത്രത്തിലെ നായകന്‍. ഇപ്പോഴിതാ ആ ചിത്രം സംബന്ധിച്ച ഒരു പുതിയ റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്.ചിത്രത്തിന്‍റെ കാസ്റ്റിംഗ് സംബന്ധിച്ചാണ് അത്. മലയാളികളെ ആവേശഭരിതരാക്കുന്ന ഒരു വാര്‍ത്തയുമാണ് അത്. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിലെ ഒരു പ്രമുഖ താരമാണ് എന്നതാണ് അത്. നടന്‍ എന്നതിനൊപ്പം സംവിധായകനായും കൈയടി നേടി. പൃഥ്വിരാജ് സുകുമാരനാണ് അത്. പ്രമുഖ എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റ് ആയ പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് വെറുമൊരു വില്ലന്‍ കഥാപാത്രമല്ലെന്നും മറ്റ് രാജമൗലി ചിത്രങ്ങളിലേതുപോലെതന്നെ നന്നായി എഴുതപ്പെട്ട, ക്യാരക്റ്റര്‍- ആര്‍ക് ഉള്ള കഥാപാത്രമാണെന്നും ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. വില്ലന്‍റെ പ്രവര്‍ത്തികള്‍ക്കുള്ള കൃത്യമായ വിശദീകരണം അയാളുടെ ഭൂതകാലത്തിലുണ്ട്, അടുത്ത വൃത്തങ്ങള്‍ ഈ കഥാപാത്രത്തെക്കുറിച്ച് പറയുന്നു. ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്വാഞ്ചര്‍ ചിത്രമാണ് ആര്‍ആര്‍ആറിന് ശേഷം രാജമൗലി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. തിരക്കഥാരചന ഏറെക്കുറെ പൂര്‍ത്തിയായ ചിത്രത്തിന്‍റെ കാസ്റ്റിംഗ് പുരോഗമിക്കുകയാണ്. പ്രീ പ്രൊഡക്ഷന്‍ വൈകാതെ ആരംഭിക്കും. ഒരു ഇന്‍റര്‍നാഷണല്‍ സ്റ്റുഡിയോ ആവും ചിത്രം നിര്‍മ്മിക്കുക. അതിനാല്‍ത്തന്നെ വിദേശ താരങ്ങളും ചിത്രത്തില്‍ ഉണ്ടാവും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം പൃഥ്വിരാജിന്‍റെ കാസ്റ്റിംഗ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *