ബാഡ്മിറ്റൻ കളിക്കാരിയായി തുടക്കം കുറിച്ച് പിന്നീട് മോഡലിങ്ങിലേക്കും അവിടെ നിന്ന് വെള്ളിത്തിരയിലേക്കും എത്തിയ താര സുന്ദരിയാണ് ദീപിക പദുക്കോൺ. 2006ൽ റിലീസ് ചെയ്ത ഓം ശാന്തി ഓം എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബി ടൗണിൽ ചുവടുവച്ച ദീപികയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ഇന്ത്യൻ സിനിമയിലെ മുൻനിര നായികയായി ഉയർന്ന് നിൽക്കുന്ന ദീപിക പുതിയ നേട്ടം കൊയ്തിരിക്കുകയാണ് ഇപ്പോൾ. മുൻനിര നായകന്മാരും ഇന്ത്യൻ സിനിമയിലെ മറ്റ് നടിമാർക്കും സാധിക്കാത്ത സുവർണ നേട്ടമാണിത് എന്നത് ഏറെ ശ്രദ്ധേയമാണ്.
കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം റിലീസ് ചെയ്ത സിനിമകളിൽ മികച്ച കളക്ഷനും നിർമാതാക്കൾക്ക് മികച്ച റിട്ടേണും നേടിക്കൊടുത്ത താരമാണ് ദീപിക പദുക്കോൺ. പ്രമുഖ എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം കൊവിഡിന് ശേഷം ദീപികയുടേതായി റിലീസ് ചെയ്തത് നാല് സിനിമകളാണ്. ഇതിൽ ആദ്യത്തേത് 83 എന്ന ചിത്രമാണ്. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ റിലീസ് ചെയ്തതിനാൽ വലിയ തിരിച്ചടി തന്നെ ചിത്രത്തിന് നേരിടേണ്ടി വന്നു. 250 കോടി ബജറ്റിൽ പുറത്തിറക്കിയ ചിത്രം നേടിയത് 102 കോടി മാത്രമാണ്. രണ്ടാമത്തെ സിനിമ പത്താൻ ആണ്. ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രം ഇന്ത്യയൊട്ടാകെ ഏറെ ശ്രദ്ധനേടിയിരുന്നു. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രത്തിന്റെ കളക്ഷൻ 543.22 കോടിയാണ്. 250 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. മൂന്നാമത്തെ സിനിമ ഫൈറ്റർ ആണ്. ഹൃത്വിക് റോഷൻ നായകനായി എത്തിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയെങ്കിലും 250 കോടി മുടക്കിയ ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസിൽ നേടാനായത് 215 കോടിയാണ്. ഇന്ത്യൻ സിനിമാസ്വാദകർക്ക് വൻ ദൃശ്യവിരുന്നൊരുക്കിയ കൽക്കി 2898 എഡിയാണ് ദീപിക പദുക്കോണിന്റെ നാലാമത്തെ ചിത്രം. 600 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന്റെ ഇന്ത്യൻ കളക്ഷൻ 653.21 കോടിയാണ്. 1054.67 കോടിയാണ് കൽക്കിയുടെ ആഗോള കളക്ഷൻ. അത്തരത്തിൽ കൊവിഡിന് ശേഷമുള്ള എല്ലാ ദീപിക പദുക്കോൺ ചിത്രങ്ങളുടെയും ചെലവ് 1350 കോടിയാണ്. ആഭ്യന്തര ബോക്‌സ് ഓഫീസ് മൊത്തം നേടിയത് 1513.43 കോടിയാണ്. 163.43 കോടിയാണ് റിട്ടേണായി കിട്ടിയത്. കൂടാതെ കൊവിഡിന് ശേഷം ഇറങ്ങിയ താരത്തിന്റെ നാല് ചിത്രങ്ങളും 100 കോടി കളക്ഷൻ നേടിയിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. സിങ്കം എഗെയ്ൻ ആണ് ദീപിക നായികയായി എത്തി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.