ക്രിസ്മസ് ദിനത്തിൽ നാട് കാണാനെത്തിയ ഛായാഗ്രഹകൻ ഹുസ്സൈൻ അബ്ദുൾ ശുക്കുറിനെയും കുടുംബത്തേയും കുടെ ഉണ്ടായിരുന്നവരെയും ഇടുക്കി രാമക്കൽമേട്ടിലെ ഹോം സ്റ്റേ ഉടമയയുടെ നേതൃത്വത്തിൽ വളഞ്ഞിട്ട് ആക്രമിച്ചു. രാത്രി ഇവർ താമസിക്കുന്ന ഇടത്ത് ആക്രമികൾ ഇരച്ചുകയറി മർദ്ദിക്കുകയായിരുന്നു.

കളമശേരി സ്വദേശിയും ചലച്ചിത്ര ഛായാഗ്രാഹകനും ആയ ഹുസ്സൈൻ അബ്ദുൾ ഷുക്കൂർ (38), സീനത്ത് (52), ഷിഹാബ് ഹംസ(39), ഷിഫ(14), സീനത്ത് (56), സെയ്‌ഫുനീസ് (60) എന്നിവർ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികി ൽസയിലാണ്. കളമശേരിയിൽ നിന്നും രണ്ടു വാഹനങ്ങളിലായി ഹുസ്സൈൻ അബ്ദുൾ ശുക്കൂർ ഉൾപ്പടെ സ്ത്രീകളും കുട്ടികളും അടങ്ങിയ 60 അംഗ സംഘം ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് രാമക്കൽമേട്ടിലെ മൗണ്ടൻ മിസ്റ്റ് എന്ന ഹോം സ്റ്റേയിൽ മുറികൾ എടുത്തത്. സംഭവത്തെക്കുറിച്ച് ഹുസൈനും കുടുംബവും പറയുന്നതിങ്ങനെ.
രാത്രി പലതവണ വൈദ്യുതി നിലച്ചു. വിവരം റിസോർട്ട് ഉടമയെ അറിയിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തെങ്കിലും പിന്നിട് വീണ്ടും പല തവണ വൈദ്യുതി തകരാറിലായി. ഇതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

സംഘർഷത്തിൽ അബ്ദുൽ ഷുക്കൂറിന്റെ തലക്ക് അഞ്ച് തുന്നലുകളുണ്ട്. മറ്റുള്ളവരുടെ തലക്കും ദേഹത്തും പരിക്കുകളുണ്ട്. വിനോദ സഞ്ചാരികളിൽ ഒരാളുടെ കൈ റിസോർട്ട് ഉടമ പിടിച്ചു തിരിക്കുകയും മർദിക്കുകയും ചെയ്തു. മറ്റുള്ളവർ എതിർത്തതോടെ ഇയാൾ പിൻവാങ്ങുകയും തുടർന്ന് 12 ഓളം പേരെ കൂട്ടുകൊണ്ട് വന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയുമായിരുന്നെന്ന് പരിക്കേറ്റവർ പറഞ്ഞു.
അക്രമികൾ റൂമിലെ ഉപകരണങ്ങൾ തല്ലി തകർക്കുകയും ചെയ്തു. സഞ്ചാരികൾ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയെങ്കിലും അക്രമികളെ പിടികൂടിയില്ലെന്നും ഇവർ ആരോപിച്ചു. നഷ്ടപരിഹാരമായി 18000 രൂപ നൽകിയ ശേഷമാണ് സഞ്ചാരികളെ പോകാൻ അനുവദിച്ചത്. തുടർന്ന് ഇവർ കളമശേരിയിലേക്ക് മടങ്ങും വഴി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റവരെ കളമശേരി ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയും മറ്റുള്ളവരെ പ്രാഥമീക ചികിൽസ നൽകി വിട്ടയക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് പരിക്കേറ്റവർ തൊടുപുഴ, കളമശേരി പോലിസ് സ്റ്റേഷനുകളിൽ പരാതി നൽകി.



Spread the love

Leave a Reply

Your email address will not be published. Required fields are marked *