കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെച്ച് അടൂർ ഗോപാലകൃഷ്ണൻ. രാജിക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് അടൂർ. ഡയറക്ടർ ശങ്കർമോഹന്റെ രാജിക്ക് പിന്നാലെയാണ് അടൂരും രാജി പ്രഖ്യാപിച്ചത്. കാലാവധി തീരും മുൻപാണ് അടൂർ രാജിവച്ചത്. ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെയുള്ള വിദ്യാർത്ഥികളുടെ സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് അടൂർ സ്വീകരിച്ചതെന്നായിരുന്നു ആരോപണം. സിനിമ മേഖലയിൽ നിന്നടക്കം അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അടൂർ രാജിയിൽ ഉറച്ചുനിൽക്കുകയായിരുന്നു.