പേരിൽത്തന്നെ കൗതുകമൊളിപ്പിച്ചാണ് ഇരട്ട സിനിമ പ്രേക്ഷകരിലേക്കെത്തിയത്. പേരിലെ കൗതുകം പോസ്റ്ററിലും ട്രെയിലറിലും കൂടി ആയതോടെ ജോജുവിന്റെ ഈ സിനിമയ്ക്കായുള്ള കാത്തിരുപ്പും നീണ്ടു. ഒരു മികച്ച കുറ്റാന്വേഷണ കഥയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഗൗരവമേറിയ കഥാപശ്ചാത്തലമാണ് കൈകാര്യം ചെയ്യുന്നത്.
സിനിമ തുടങ്ങി അഞ്ചാം മിനിറ്റിൽത്തന്നെ പ്രേക്ഷകരിൽ ഞെട്ടൽ ഉളവാക്കിക്കൊണ്ടാണ് സിനിമയുടെ യാത്ര. വാഗമൺ പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ഒരു പൊലീസുകാരന്റെ കൊലപാതകവും തുടർന്ന് ഉണ്ടാകുന്ന അന്വേഷണവുമാണ് “ഇരട്ട’ പറയുന്നത്. പട്ടാപ്പകൽ നടക്കുന്ന കൊലപാതകം, പ്രതികളെന്ന് സംശയിക്കപ്പെടുന്ന മൂന്നു പൊലീസുകാർ. മരണം പൊലീസ് സ്റ്റേഷനിൽ വച്ചു സംഭവിച്ചതുകൊണ്ടു തന്നെ കേസ് എത്രയും പെട്ടെന്ന് തെളിയിക്കണമെന്ന സമ്മർദം പൊലീസുകാരിലുമുണ്ട്. ആരാകും കൊലയാളി? എന്തിനാകും സ്റ്റേഷനിൽ വച്ചു തന്നെ കൊലപാതകം നടത്തിയത്? ഈ ചോദ്യങ്ങളിലൂടെ ഉദ്വേഗജനകമായൊരു കഥ പറയുകയാണ് സംവിധായകനും തിരക്കഥാകൃത്തും.
പ്രമോദ്, വിനോദ് എന്നീ ഇരട്ട സഹോദരന്മാരായ പൊലീസുകാർ. അവരുടെ ഉറ്റവരുടെയും സുഹൃത്തുക്കളുടെയും ഒപ്പമാണ് കഥ സഞ്ചരിക്കുന്നത്. കുറ്റാന്വേഷണത്തിനൊപ്പം പ്രൊസീജറൽ ഡ്രാമയുമാണ് ഇരട്ട. പൊലീസ് ക്രൈം ഡ്രാമയായി തുടങ്ങിയ, ചിത്രം സാവധാനത്തിൽ മറ്റൊരു വഴിയിലേക്ക് നീങ്ങുന്നു. ഒരൊറ്റ ദിവസം നടക്കുന്ന കഥയാണെങ്കിലും പ്രമോദിന്റെയും വിനോദിന്റെയും മുൻകാല ജീവിതവും അവരുടെ സുഹൃത്തുക്കളിൽ നിന്നുള്ള ഓർമകളുമൊക്കെ ചിത്രത്തിൽ വന്നുപോകുന്നുണ്ട്. ഏറെ വൈകാരികമായി സഞ്ചരിക്കുന്നൊരു കഥാഗതിയാണ് ഇരട്ടയുടേത്. പ്രമേയത്തെ അതിന്റെ ആഴത്തിലൂന്നി അവതരിപ്പിക്കാനും സംവിധായകനായി. തിരക്കഥയുടെ ഒഴുക്കിനെ ഒട്ടും ബാധിക്കാതെ മേക്കിങ്ങിലും ഇഴച്ചിൽ അനുഭവപ്പെടാതെ സിനിമ മുന്നോട്ട് പോകുന്നു.