Breaking
Wed. Aug 13th, 2025
വളരെ ലളിതമായ ഒരു കഥ. തികച്ചു സ്വാഭാവികമായ കഥാപരിസരം. പക്ഷേ ഒരു ഓളത്തിലിരുന്ന് സിനിമ കണ്ടുകണ്ട് ചിരിച്ച് ഊപ്പാടിളകുകയെന്ന അനുഭവം ഏറെക്കാലത്തിനു ശേഷമാണ് തിയറ്ററിൽനിന്നു കിട്ടുന്നത്. ഉറപ്പിച്ചു പറയാം, കാണികൾക്കു രോമാഞ്ചിഫിക്കേഷനുണ്ടാക്കുന്ന അനുഭവമായി “രോമാഞ്ചം മാറുന്നുണ്ട്.

സംഗീത സംവിധായകൻ സുഷിൻ ശ്യാം ഒരുക്കിയ ട്രെൻഡിങ് സോങ്ങായ “നിങ്ങൾക്കാദരാഞ്ജലി നേരട്ടേ..’ കേട്ടതുകൊണ്ടാണ് “രോമാഞ്ചം എന്ന സിനിമ കാണാൻ പലരുമിറങ്ങിയത്. റീൽസിൽ തരംഗം സൃഷ്ടിച്ച പാട്ടാണല്ലോ. ആ ഓളം തിയറ്ററിൽ അനുഭവിക്കാമെന്നതായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷ തെറ്റിക്കാതെ കാക്കാൻ സംവിധായകൻ ജിത്തു മാധവനും നിർമാതാവ് ജോൺപോൾ ജോർജും ഗിരീഷ് ഗംഗാധരനുമൊക്കെ പരമാവധി ശ്രമിച്ചിട്ടുണ്ട്.


ഒരറ്റത്ത് സൗബി ഷാഹിറിനെയും മറ്റേ അറ്റത്ത് അർജുൻ അശോകനെയും നിർത്തിയിട്ട് സംവിധായകൻ ജിത്തു മാധവൻ ഇരുവരോടും വെടിക്കെട്ട് തുടങ്ങിക്കോളാൻ പറഞ്ഞിട്ടുണ്ട്, ഉറപ്പ്. രോമാഞ്ചത്തിന്റെ കഥ വളരെ സിംപിളാണ്. 2007 കാലഘട്ടത്തിൽ ബെംഗളൂരുവിൽ ഒരു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ. തട്ടിമുട്ടി ജീവിച്ചുപോവുന്ന അവരുടെ ഇടയിലേക്ക് രണ്ടുപേർ വന്നു കയറുകയാണ്. രണ്ടുപേരെയും സൗബിനാണ് വിളിച്ചുവീട്ടിൽ കയറ്റുന്നത്. സിറ്റുവേഷണൽ കോമഡി കൊണ്ടുള്ള ആറാട്ടാണ് പിന്നീടങ്ങോട്ട്.

ബെംഗളൂരു ബാച്ചിലേഴ്സിന്റെ സൗഹൃദവും കഷ്ടപ്പാടുമൊക്കെ പറഞ്ഞുപോവുന്ന പതിവ് “നമ്മഊരു ബെംഗളൂരു ടൈപ്പ് കോമഡിപ്പടമല്ല രോമാഞ്ചം. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഹൊറർ അനുഭവങ്ങളാണ് കഥയുടെ നട്ടെല്ല്. പശ്ചാത്തലസംഗീതമില്ലാത്ത സീനുകളിൽ തീയറ്ററിൽ ചിരികളാണ് മുഴങ്ങിക്കേട്ടത്. ഒരു പക്ഷേ മലയാളത്തിലാദ്യമായിട്ടാവും “ഹൊറർ കോമഡി’ ഇത്ര രസകരമായി അവതരിപ്പിക്കുന്നത്.

സൗബിനും അർജുൻ അശോകനും ഒരു വശത്ത് തകർത്താടുമ്പോൾ ഒതളങ്ങാതുരുത്തിലെ നത്ത് അബിൻ ജോർജും ജഗദീഷ്കുമാറും മറുവശത്ത് പെടപെടയ്ക്കുകയാണ്. ആദ്യാവസാനം അന്യായ എന്റർടെയ്നറായി രോമാഞ്ചം മാറുന്നത് ഇവരുടെ പ്രകടനം കാരണമാണ്. ഒരിക്കൽപ്പോലും സ്ക്രീനിൽ വരാതെ, എന്നാൽ ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന ഒരു നായികാ കഥാപാത്രം ചിത്രത്തിലുണ്ട്. അതാരാണെന്ന് തിയറ്ററിലിരുന്ന്അനുഭവിച്ചറിയാം.

സിനിമയുടെ അവസാനഭാഗം മാത്രമാണ് അൽപമെങ്കിലും അവിശ്വസനീയമായി പ്രേക്ഷകനു തോന്നുക. എന്നാൽ രോമാഞ്ചം രണ്ടാംഭാഗത്തിലേക്ക് നീട്ടിയിട്ട വാലറ്റമാണ് ക്ലൈമാക്സ്. ആട് ഒരു ഭീകരജീവിയാണ്, അടി കപ്യാരേ കൂട്ടമണി തുടങ്ങിയ ചിത്രങ്ങൾ പോലെ ഒരു ട്രെൻഡ് സെറ്ററാവാനുള്ള സകല സാധ്യതകളും മുന്നിൽ വച്ചുകൊണ്ടാണ് രോമാഞ്ചം അവസാനിക്കുന്നത്.
ജിത്തു മാധവൻ കഥയെഴുതി സംവിധാനം ചെയ്ത രോമാഞ്ചത്തിന്റെ നട്ടെല്ല് സംഗീതസംവിധായകൻ സുഷിൻ ശ്യാമാണ്. സാനു താഹിറിന്റെ ക്യാമറ കഥയുടെ മൂഡ് സെറ്റ് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണട്. കിരൺ ദാസിന്റെ എഡിറ്റിങ്ങ് രോമാഞ്ചത്തെ മാരക അനുഭവമാക്കി മാറ്റുന്നുണ്ട്. രോമാഞ്ചം രണ്ടാം ഭാഗം വരാനുണ്ട്. അതുവരെ “നിങ്ങൾക്കാദരാഞ്ജലി നേരട്ടേ…
Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *