പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിലെത്തി കുത്തിക്കൊന്നു, പ്രായപൂർത്തിയാകാത്ത കുട്ടി ക്രൂരപീഡനത്തിന് ഇരയായി… ഉള്ളുപൊള്ളിക്കുന്ന ഇത്തരം വാർത്തകളിലൂടെ നിരന്തരം കടന്നുപോകേണ്ടിവരുന്ന സമൂഹമാണ് നമ്മുടേത്. ഇത്തരം ക്രൂരകൃത്യങ്ങളിലെ ഇരകൾക്ക് അവർ അർഹിക്കുന്ന നീതി ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അങ്ങനെ നീതി നിഷേധിക്കപ്പെട്ടവരുടെ കാവൽ മാലാഖയാണ് ക്രിസ്റ്റഫർ’. നീതിയും നിയമവും തമ്മിലുള്ള യുദ്ധത്തിലെ യോദ്ധാവ് എന്നുവേണമെങ്കിൽ ക്രിസ്റ്റഫറിനെ വിശേഷിപ്പിക്കാം.
നിയമത്തെ അംഗീകരിക്കാതെ നിയമം കയ്യിലെടുക്കുന്നതുകൊണ്ടുതന്നെ സമൂഹത്തിന് ക്രിസ്റ്റഫർ ഒരു ഹീറോയാണ്. പക്ഷേ പൊലീസ് വിഭാഗത്തിന് തലവേദനയും. നിയമത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോൾ അയാൾ തന്നെ ഒരു “താന്തോന്നി’യായി മാറുകയാണ്. ക്രിസ്റ്റഫർ എന്ന വിജിലാന്റെ പൊലീസുദ്യോഗസ്ഥന്റെ ജീവചരിത്രം എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. അത് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ അയാളുടെ ജീവചരിത്രത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തോടെയാണ് കഥ തുടങ്ങുന്നത്.

മുൻകാലാനുഭവങ്ങളായിരിക്കും ഒരാളുടെ വ്യക്തിജീവിതത്തെ കെട്ടിപ്പടുക്കുന്നതിൽ ഏറ്റവുമധികം സ്വാധീനിക്കുക. മുൻകോപിയായ, പ്രകോപകാരിയായ, തന്നിഷ്ടക്കാരനായ ക്രിസ്റ്റഫറിന്റെ ജീവിതത്തിലും മറക്കാനാകാത്ത ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ക്രിസ്റ്റഫർ എന്ന ടൈറ്റിൽ കഥാപാത്രത്തിനേക്കാൾ അയാളുടെ പ്രത്യേക രീതിയിലുള്ള എൻകൗണ്ടറുകളെ കുറിച്ചും അയാൾ അതിലേക്കെത്തിയ സാഹചര്യങ്ങളെക്കുറിച്ചുമുള്ള അന്വേഷണമാണ് സിനിമയുടെ ആദ്യ പകുതി. ഈ സിനിമയിലെ ചില രംഗങ്ങളിൽ ഒരാളുടെ യഥാർഥ ജീവിതത്തോട് സാമ്യമുള്ള ചില സംഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറ്റാന്വേഷണ സിനിമയല്ല ക്രിസ്റ്റഫർ. ഒരു പൊലീസുദ്യോഗസ്ഥന്റെ ജീവിതത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ആളുകളുമായി ബന്ധപ്പെട്ടും അവർ പറയുന്ന ചില സംഭവങ്ങളിലൂടെയും വിവിധ ലെയറുകളായാണ് കഥ പറച്ചിൽ. ലൈംഗികാതിക്രമമാണ് സിനിമ പ്രധാനമായും ചർച്ച ചെയ്യുന്നത്. സങ്കീർണമായ വിഷയത്തെ അതിന്റെ ഗൗരവം ഒട്ടും ചോരാതെ അവതരിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞു. ലൈംഗികാതിക്രമം നടത്തുന്ന കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല എന്ന പൊതുബോധവും സിനിമയുടെ പശ്ചാത്തലമായുണ്ട്.
നീതിമാനായ, പഴയകാല മുറിവുകൾ വേട്ടയാടുന്ന, ഒറ്റയാനും ഏകാകിയുമായ പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞുനിൽക്കുന്നു. ആക്ഷൻ രംഗങ്ങളിലുള്ള അദ്ദേഹത്തിന്റെ സ്വാഗും മെയ്വഴക്കവും അതി ഗംഭീരം.

https://youtu.be/7X4oCIL7gQU
ആക്ഷൻ രംഗങ്ങൾ കുറവാണെങ്കിലും സ്റ്റൈലിഷ് ആയി തന്നെയാണ് മമ്മൂട്ടിയെ ഉടനീളം ചിത്രത്തിലവതരിപ്പിച്ചിരിക്കുന്നത്. കോട്ടക്കൻ എന്ന ഡിവൈഎസ്പിയായി എത്തിയ ഷൈൻ ടോമിന്റെ പ്രകടനമാണ് മറ്റൊരു ഹൈലൈറ്റ്. ഇടവേളയ്ക്കു ശേഷം വരുന്ന സൈക്കൊ പൊലീസുകാരനെ ഷൈൻ ടോം തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിൽ രസകരമാക്കി.
സ്നേഹ, അമല പോൾ എന്നിവരുടെ പ്രകടനവും മികച്ചു നിന്നു. വില്ലൻ റോളിലെത്തിയ വിനയ് റായ് തന്റെ മലയാള അരങ്ങേറ്റം ഗംഭീരമാക്കിയെന്നു പറയാം. ഐശ്വര്യ ലക്ഷ്മി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജിനു ജോസഫ്, നിഥിൻ തോമസ്, വിനീത കോശി, ദീപക് പറമ്പോൽ, കലേഷ് രാമാനന്ദ്, ഷഹീൻ സിദ്ദീഖ് എന്നിവരാണ് മറ്റ് താരങ്ങൾ. ശരത് കുമാർ, അദിതി രവി എന്നിവർ അതിഥി വേഷത്തിലെത്തുന്നു.
ബി. ഉണ്ണികൃഷ്ണന്റെ മേക്കിങ് ആണ് ക്രിസ്റ്റഫർ എന്ന സിനിമയുടെ പ്രധാന പ്രത്യേകത. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം ഒട്ടും ചോർന്നുപോകാതെയുള്ള കറ തീർന്ന അവതരണശൈലിയാണ് ചിത്രത്തിലുടനീളം അദ്ദേഹം അവലംബിച്ചിരിക്കുന്നത്. തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തല സംഗീതമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. മനോജിന്റെ എഡിറ്റിങ്ങും ഫയീസ് സിദ്ദീഖിന്റെ ക്യാമറയും സിനിമയെ കൂടുതൽ ചടുലമാക്കുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed