ദാദാ സാഹേബ് ഫാൽക്കെ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ പുരസ്കാരം സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. മികച്ച വില്ലനുള്ള പുരസ്കാരമാണ് ദുൽഖറിനെ തേടി ബോളിവുഡിൽ നിന്നും വന്നത്. 2021ൽ പുറത്തിറങ്ങിയ ‘ചുപ്പ്’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് ദുൽഖറിന് പുരസ്കാരം. ദുൽഖറാണ് മലയാളത്തിൽ നിന്നും ആദ്യമായി ദാദസാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കുന്ന നടൻ.
“ഇതേറെ പ്രിയപ്പെട്ടത്. ഹിന്ദിയിൽ എന്റെ ആദ്യ പുരസ്കാരം. മാത്രമല്ല നെഗറ്റീവ് റോളിൽ മികച്ച നടനുള്ള ആദ്യ അവാർഡും. ഈ ആദരവിന് ദാദസാഹെബ് ഫാൽക്കെ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ ജൂറി അംഗങ്ങളോട് നന്ദി. ഈ ബഹുമതിക്ക് ആദ്യം കടപ്പെട്ടിരിക്കുന്നത് ബൽക്കി സാറിനോടാണ്. എന്നെ ഡാനിയായി തെരഞ്ഞെടുത്തതിന്, ക്ഷമയോടെ മാർഗദർശിയായതിന് അദ്ദേഹത്തോടും സഹതാരങ്ങളോടും നന്ദി പറയുന്നു.” എന്ന അടികുറിപ്പോടെയാണ് ട്രോഫിയുമായി നിൽകുന്ന ചിത്രം ദുൽഖർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
മോളിവുഡിനും ബോളിവുഡിനും പുറമേ മറ്റു ഭാഷകളിൽനിന്നുമുള്ള പ്രമുഖ താരങ്ങളും, ദുൽഖറിൻ്റെ ആരാധകരും കമൻ്റുകളിലൂടെ ദുൽഖറിന് ആശംസകൾ അറിയിച്ചിരിക്കുന്നത്.
ബ്രഹ്മാസ്ത്രയിലൂടെ രൺബീർ കപൂർ മികച്ച നടനായും,ഗംഗുഭായ് കത്ത്യാവാഡി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ട് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ നടനായി ഋഷബ് ഷെട്ടിയെ തിരഞ്ഞെടുത്തു.
സൈക്കോ ത്രില്ലർ വിഭാഗത്തിൽപെടുന്ന ‘ചുപ്പ് റിവഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്’ എന്ന ചിത്രത്തിൽ നെഗറ്റീവ് സ്വഭാവമുള്ള നായകനായാണ് ദുൽഖർ അഭിനയിച്ചത്.ദുൽക്കർ അവതരിപ്പിച്ച ‘ഡാനി’ എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ബൽകി സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണി ഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.