കാൻ ചലച്ചിത്രോത്സവത്തിൽ കേരളത്തിന് അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും ഹൃദു ഹാറൂണും. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോട് അനുബന്ധിച്ചാണ് ഇവർ കാനിലെത്തിയത്. 30 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ പാം ഡി ഓർ പുരസ്കാരത്തിനായി മത്സരിക്കുന്നുവെന്ന നേട്ടവും ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സ്വന്തമാക്കിയിരുന്നു.നിറഞ്ഞ തിയേറ്ററിലെ പ്രദർശനത്തിന് ശേഷം ചിത്രത്തിലെ താരങ്ങൾ റെഡ് കാർപറ്റിൽ അണിനിരന്നു. ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനി കുസൃതിയുടെ ഔട്ട്ഫിറ്റ്. പഫ് സ്ലീവോട് കൂടിയ ഗൗണിന് ഡീപ് നെക്കാണ് നൽകിയിരിക്കുന്നത്. ഇതിനൊപ്പം ഹാങിങ് കമ്മലും വെള്ള നിറത്തിലുള്ള ഷൂവും ധരിച്ചു.എന്നാൽ കനി കൈയിൽ പിടിച്ച ബാഗാണ് എല്ലാവരുടേയും ശ്രദ്ധ കവർന്നത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് ഈ ബാഗിന് നൽകിയിരിക്കുന്നത്. കനി ഈ ബാഗും പിടിച്ച് നിൽക്കുന്ന ചിത്രം നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.ബ്രൗൺ നിറത്തിലുള്ള ഷർട്ട് ടൈപ്പ് ഗൗൺ ധരിച്ചാണ് ദിവ്യപ്രഭ റെഡ് കാർപറ്റിലെത്തിയത്. ബ്രാലെറ്റ് ഷർട്ടിൽ അതീവ ഗ്ലാമറസ് ലുക്കിലായിരുന്നു താരം. ഐവറി നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു ഹൃദു ഹാറൂണിന്റെ ഔട്ട്ഫിറ്റ്. സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഛായ കദം ലെഹങ്കയും അതിന് മാച്ച് ചെയ്യുന്ന സ്യൂട്ട് ടൈപ്പ് ഷർട്ടുമാണ് ധരിച്ചിരുന്നത്.നിരവധി പേർ ദിവ്യപ്രഭയുടേയും കനി കുസൃതിയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നടി ദർശന രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇരുവരേയും അഭിനന്ദനം അറിയിച്ചു. ‘പെണ്ണുങ്ങൾ സിനിമയിൽ ഇല്ല എന്ന വിഷമം തീരട്ടെ’യെന്നാണ് ചിത്രം പങ്കുവെച്ച് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം ചിത്രം പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *