എത്ര തമ്മിലടിച്ചാലും സൗഹൃദങ്ങളെ ചേർത്തു നിർത്തുന്ന ചില നന്മകളുണ്ട്. ആ നന്മയിൽ പ്രതികാരത്തിന്റെ എല്ലാ ചേരിപ്പോരുകളും ചേർത്തുപിടിക്കലുകളായി മാറും. ഒടുവിൽ, എന്തിനായിരുന്നു ഈ പിണക്കങ്ങളെന്നു ചിന്തിക്കുമ്പോൾ, പറയാൻ മറുപടികളുണ്ടാകില്ല. ഇത്തരം ചില ഓർമപ്പെടുത്തലുകളുടെ ഉത്സവമേളമാണ് വെടിക്കെട്ട്. പ്രണയം, പ്രതികാരം, സൗഹൃദം, തമാശ തുടങ്ങി ആസ്വാദനത്തിന്റെ എല്ലാ ഭാവങ്ങളും നൽകുന്നുണ്ട് ബിബിൻ ജോർജ് – വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രം. വെടിക്കെട്ട് കഴിഞ്ഞ പൂരപ്പറമ്പ് വിട്ടിറങ്ങുമ്പോൾ കിട്ടുന്ന സംതൃപ്തി സിനിമ ആവോളം നൽകുന്നുണ്ട്.
ബിബിൻ ജോർജ് – വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ സ്ഥിരം ചേരുവകളല്ല വെടിക്കെട്ടിന്റേത്. എന്നാലീ ഇടിപ്പടത്തിന് ചേരുവയായി തമാശയടക്കം എല്ലാമുണ്ട്. ഗെറ്റപ്പ് മുതൽ സെറ്റപ്പ് വരെ പുതുമ കൊണ്ടുവരാനുള്ള ശ്രമങ്ങൾ സംവിധായകർ തേടുന്നതും സിനിമയെ ശ്രദ്ധേയമാക്കുന്നു. സിനിമ കേവലം ആസ്വദിപ്പിക്കൽ മാത്രമല്ല. ചില സന്ദേശങ്ങളും രാഷ്ട്രീയവും സംസാരിക്കുന്നുണ്ട്. ജാതിയുടെ പേരിലുള്ള വിഭാഗീയതയ്ക്കും അപ്പുറം മനുഷ്യനെ മനുഷ്യനാക്കുന്ന ചില വികാരങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. സിനിമയുടെ രാഷ്ട്രീയം ചില ഓർമപ്പെടുത്തലുകളാണ്. തിരക്കഥയിലും സംവിധാനത്തിലും അത് പ്രകടവുമാണ്.

ജാതിയുടെയും നിറത്തിന്റെയും പേരിൽ ചേരി തിരിഞ്ഞ രണ്ടു ഗ്രാമങ്ങളാണ് മഞ്ഞയും കറുങ്കോട്ടയും. ഇവർക്കിടയിലെ ചേരിപ്പോരിന് പഴക്കവും ഏറെയാണ്. കറുങ്കോട്ടയിലെ ഉശിരുള്ള ഷിബുവിന്റെ സഹോദരി ഷിബിലയോടാണ് മഞ്ഞപ്രയിലെ ചിത്തുവിന് പ്രണയം. ഇതിനെ തുടർന്നുണ്ടാകുന്ന തമ്മിലടികളും രസകരമായ സംഭവങ്ങളുമാണ് വെടിക്കെട്ടിന്റെ കഥാസാരം. അടിയും ഇടിയുമായി സഞ്ചരിക്കുമ്പോഴും ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റാണ് സിനിമയുടെ ജീവൻ. സിനിമ പുതിയൊരു തുടക്കമായി മാറുന്നതും അവിടെയാണ്.

വെടിക്കെട്ട് ചെറുപ്പക്കാരുടെ മാത്രം സിനിമയല്ല. അത് കുടുംബപ്രേക്ഷകരെയും പിടിച്ചിരുത്തും. ഏറ്റവും ഗൗരവത്തോടെ പറയേണ്ട വിഷയത്തെ അതിന്റെ തീവ്രത ചോരാതെ ഒരു കച്ചവട സിനിമയിൽ ചേർക്കാനായത് സംവിധായക പ്രതിഭകളുടെ വിജയം തന്നെയാണ്. ഓരോ സംഭാഷണത്തിലും അത് വ്യക്തമാക്കുന്നുമുണ്ട്. വന്നു പോകുന്ന ഓരോ കഥാപാത്രത്തിനും കൃത്യമായ ഇടം നൽകാനും സംവിധായകർക്കായി. നിരവധി പുതുമുഖ താരങ്ങൾക്കൊപ്പം ഇടയ്ക്കൊക്കെ മാത്രം സ്ക്രീനിൽ വന്നുപോയവരെയും പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇവരിൽ ഓരോരുത്തർക്കും ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കാൻ കഴിഞ്ഞത്. മലയാള സിനിമയിലേക്ക് ഒരുപിടി മികച്ച താരങ്ങളെ സമ്മാനിച്ച ചിത്രമായും വെടിക്കെട്ടിനെ കാലം ഓർക്കും.

അഭിനയത്തിലും സംവിധാനത്തിലും രചനയിലുമൊക്കെ നിറഞ്ഞാടാൻ ബിബിൻ ജോർജിനും വിഷ്ണു ഉണ്ണികൃഷ്ണനും കഴിഞ്ഞിട്ടുണ്ട്. ഏറെ ദൃശ്യ സാധ്യതകളുള്ള കഥാപരിസരത്തെ ഹൃദ്യമായി പകർത്താൻ ഛായാഗ്രാഹകൻ രതീഷ് റാമിനും കഴിഞ്ഞു. സിനിമയുടെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്ന് ഗാനങ്ങളാണ്. പുതിയ ഒരുപിടി ഗാനരചയിതാക്കളും സംഗീത സംവിധായകരും ഗായകരുമാണ് പാട്ടുകളൊരുക്കിയിട്ടുള്ളത്. എന്തായാലും പേരുപോലെ ചിത്രവും പ്രേക്ഷകന് പകരുന്നത് വെടിക്കെട്ട് അനുഭവം തന്നെയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *