സംഗീത സംവിധായകൻ സുഷിൻ ശ്യാം ഒരുക്കിയ ട്രെൻഡിങ് സോങ്ങായ “നിങ്ങൾക്കാദരാഞ്ജലി നേരട്ടേ..’ കേട്ടതുകൊണ്ടാണ് “രോമാഞ്ചം എന്ന സിനിമ കാണാൻ പലരുമിറങ്ങിയത്. റീൽസിൽ തരംഗം സൃഷ്ടിച്ച പാട്ടാണല്ലോ. ആ ഓളം തിയറ്ററിൽ അനുഭവിക്കാമെന്നതായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷ തെറ്റിക്കാതെ കാക്കാൻ സംവിധായകൻ ജിത്തു മാധവനും നിർമാതാവ് ജോൺപോൾ ജോർജും ഗിരീഷ് ഗംഗാധരനുമൊക്കെ പരമാവധി ശ്രമിച്ചിട്ടുണ്ട്.
ബെംഗളൂരു ബാച്ചിലേഴ്സിന്റെ സൗഹൃദവും കഷ്ടപ്പാടുമൊക്കെ പറഞ്ഞുപോവുന്ന പതിവ് “നമ്മഊരു ബെംഗളൂരു ടൈപ്പ് കോമഡിപ്പടമല്ല രോമാഞ്ചം. അപ്രതീക്ഷിതമായി സംഭവിക്കുന്ന ഹൊറർ അനുഭവങ്ങളാണ് കഥയുടെ നട്ടെല്ല്. പശ്ചാത്തലസംഗീതമില്ലാത്ത സീനുകളിൽ തീയറ്ററിൽ ചിരികളാണ് മുഴങ്ങിക്കേട്ടത്. ഒരു പക്ഷേ മലയാളത്തിലാദ്യമായിട്ടാവും “ഹൊറർ കോമഡി’ ഇത്ര രസകരമായി അവതരിപ്പിക്കുന്നത്.
സൗബിനും അർജുൻ അശോകനും ഒരു വശത്ത് തകർത്താടുമ്പോൾ ഒതളങ്ങാതുരുത്തിലെ നത്ത് അബിൻ ജോർജും ജഗദീഷ്കുമാറും മറുവശത്ത് പെടപെടയ്ക്കുകയാണ്. ആദ്യാവസാനം അന്യായ എന്റർടെയ്നറായി രോമാഞ്ചം മാറുന്നത് ഇവരുടെ പ്രകടനം കാരണമാണ്. ഒരിക്കൽപ്പോലും സ്ക്രീനിൽ വരാതെ, എന്നാൽ ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന ഒരു നായികാ കഥാപാത്രം ചിത്രത്തിലുണ്ട്. അതാരാണെന്ന് തിയറ്ററിലിരുന്ന്അനുഭവിച്ചറിയാം.