Breaking
Thu. Jan 15th, 2026

നടി സുബി സുരേഷ് അന്തരിച്ചു.

ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് (42) അന്തരിച്ചു. കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ജനുവരി 28നായിരുന്നു സുബി രാജഗിരിയിൽ ചികിത്സക്കായി എത്തിയത്. തുടർന്നുള്ള പരിശോധനകളിൽ കരൾ പൂർണമായും തകരാറിലാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ന്യുമോണിയ പിടിപെട്ടതാണ് ആരോഗ്യസ്ഥിതി വേഗത്തിൽ മോശമാകാൻ കാരണം. കരൾ‌ മാറ്റിവയ്ക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം.

എറണാകുളം ജില്ലയിലെ വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് സുബി താമസിച്ചിരുന്നത്. ടിനി ടോം, രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവർത്തകർ ആശുപത്രിയിൽ സുബിയെ സന്ദർശിച്ചിരുന്നു.

സ്‌കൂള്‍കാലത്തു വേദികളിൽ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചായിരുന്നു സുബിയുടെ തുടക്കം. പിന്നാലെ കൊച്ചിൻ കലാഭവനിൽ ചേർന്നു.കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു എത്തുന്നത്.സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുള്ള സുബി, സ്റ്റേജ് ഷോകളിലും, വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും ശ്രദ്ധനേടിയിരുന്നു.

അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്. മൃതദേഹം രാജഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രണ്ടുമണിക്ക് ചേരാനല്ലൂർ പൊതുശ്മശാനത്തിൽ വെച്ചാണ് സംസ്കാരം.

മുഖ്യമന്ത്രി പിണറായി വിജയന്‍ സുബി സുരേഷിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് സുബിയുടെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *