തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ ആവേശത്തോടെയാണ് തമിഴ് ജനത സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാടിന് ആവശ്യമായ മാറ്റങ്ങൾ ദളപതിയിലൂടെ ലഭിക്കുമെന്ന പ്രതീക്ഷവെച്ചു പുലര്‍ത്തുമ്പോഴും വിജയ് സിനിമ അഭിനയം അവസാനിപ്പിക്കുന്നതിലുള്ള നിരാശ ആരാധകര്‍ മറച്ചുവെച്ചില്ല.വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം -ഗോട്ട് ആണ് വിജയുടെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം. താരത്തിന്റെ കരിയറിലെ 68-ാം ചിത്രമാണിത്. എന്നാല്‍ മറ്റൊരു പ്രമുഖ സംവിധാകനോടൊപ്പമായിരിക്കും താരം തന്റെ അവസാന ചിത്രം ചെയ്യുക എന്നും റിപ്പോർട്ടുകളുണ്ട്.തന്റെ 69-ാം സിനിമ പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് കാർത്തിക് സുബ്ബരാജ് എക്സില്‍ പ്രതികരിച്ചു.ഇതൊടൊപ്പം സംവിധായകന്‍ അറ്റ്ലി വിജയുടെ അവസാന ചിത്രം ഒരുക്കുമെന്നും സൂചനകളുണ്ട്. ഒരു പക്കാ മാസ് പൊളിറ്റിക്കല്‍ ചിത്രത്തിലൂടെ വെള്ളിത്തിരയില് നിന്ന് വിടപറയാനാണ് വിജയ് ആഗ്രഹിക്കുന്നതെന്നും ആരാധകർ പറയുന്നു.വിജയ്‌യെ മുഖ്യമന്ത്രിയാക്കി ഒരു സിനിമ തന്റെ മനസിലുണ്ടെന്നും ചിത്രത്തിന് ‘ആളപൊറാൻ തമിഴൻ’ എന്ന് പേര് നല്‍കുമെന്നു ഇതേ ടൈറ്റിലിൽ ഒരു സ്ക്രിപ്റ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറ്റ്ലി മുൻപ് പറഞ്ഞിരുന്നു.വിജയുടെ കരിയറിലെ വലിയ വിജയങ്ങളായ തെരി, മെര്‍സല്‍, ബിഗിൽ എന്നിവ ഒരുക്കിയതും അറ്റ്ലി ആയിരുന്നു. ബോളിവുഡിൽ ഷാരൂഖ് ഖാനെ നായകനാക്കി നിർമ്മിച്ച ജവാന്‍ 1000 കോടി കളക്ഷൻ നേടിയിരുന്നു.
വിജയ് സിനിമയോട് വിടപറയുന്നു എന്ന വാർത്ത തമിഴ് സിനിമ വ്യവസായത്തെ തന്നെ സാരമായി ബാധിക്കും എന്നാണ് വിവരം. അവസാനം റിലീസായ ലിയോ അടക്കം ഒരോ വിജയ് സിനിമയിൽ നിന്നും വമ്പൻ കളക്ഷനാണ് തിയേറ്ററുകള്‍ക്കും നിർമ്മാതാക്കൾക്കും ലഭിക്കാറുള്ളത്.‘തമിഴക വെട്രി കഴകം’ എന്ന് പേര് നല്‍കിയിരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതോടെയാണ് താരം സിനിമയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2026 നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം.