വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘വിടാ മുയാർച്ചി’യുടെ തിരക്കുകളിലാണ് നിലവിൽ തമിഴ് സൂപ്പർതാരം അജിത് കുമാർ. മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസ് ചെയ്യും. കഴിഞ്ഞ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലായി അസർബൈജാനിൽ വച്ചായിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിങ്. അന്ന് ഒരു ആക്ഷൻ സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ അജിത്തിൻ്റെ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞിരുന്നു.ചിത്രത്തിൻ്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അപകടത്തിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. അപകടം നടക്കുമ്പോൾ അജിത്തും സഹതാരം ആരവുമായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തിൽ അജിത്തിനും ആരവിനും നിസാര പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്തായാലും വിഡിയോ ഇപ്പോൾ വൈറലാണ്.
https://twitter.com/LycaProductions/status/1775798815926395119?t=eVIBv1P-j5eH_QuGkxmw6w&s=19അജിത് വേഗത്തിൽ ഹമ്മർ എന്ന എസ്.യു.വി ഓടിക്കുന്ന രംഗമായിരുന്നു ഷൂട്ട് ചെയ്തത്. അമിത വേഗത്തിൽ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സൈഡിലേക്ക് മറിയുകയായിരുന്നു. ‘തലനാരിഴയ്ക്കാണ് ഞങ്ങൾ രക്ഷപ്പെട്ടത്. ദൈവത്തിന് നന്ദി’, എന്നാണ് സഹതാരമായ ആരവ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.’വിടാമുയർച്ചി’ എന്ന സിനിമ പ്രഖ്യാപനം മുതൽ ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് സിനിമയുടെ യൂറോപ്യൻ ഷെഡ്യൂൾ പൂർത്തിയായത്. ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ, അരുൺ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരവ് ഷാ ആണ് ‘വിടാമുയർച്ചിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം.