ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണ് രാജമൗലിയുടെ ആർആർആർ. പുരസ്കാരം ലഭിച്ചതിനു പിന്നാലെ നിരവധി അന്താരാഷ്ട്ര വേദികളിലാണ് രാജമൗലി പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഫിലിം മേക്കിങ്ങിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു കമന്റാണ് താൻ സിനിമയുണ്ടാക്കുന്നത് പണത്തിനുവേണ്ടിയാണെന്നും ബഹുമതിക്കു വേണ്ടിയല്ലെന്നുമാണ് രാജമൗലി പറഞ്ഞത്.
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്സിൽ (ബാഫ്റ്റ) നേട്ടമുണ്ടാക്കാൻ ആർആർആറിന് കഴിയാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രാജമൗലിയുടെ മറുപടി. ഇത് തന്നെ അലട്ടുന്ന കാര്യമല്ല എന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. പ്രേക്ഷകർക്കുവേണ്ടിയാണ് താൻ സിനിമയെടുക്കുന്നത്. ആർ.ആർ.ആർ ഒരു വാണിജ്യസിനിമയാണ്. സ്വന്തം സിനിമ വാണിജ്യപരമായി വിജയിക്കുമ്പോൾ വളരെയധികം സന്തോഷിക്കും. പുരസ്കാരങ്ങൾ അതിന് അനുബന്ധമായി വരുന്നവയാണ്. തന്റെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിനുള്ളതാണ് പുരസ്കാരങ്ങൾ.- രാജമൗലി പറഞ്ഞു.
ആർആർആറിന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ നാമനിർദേശമാകാൻ കഴിയാത്തതിൽ വിഷമമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് എന്റെ സിനിമയ്ക്ക് അത് കിട്ടിയില്ല എന്നോർത്ത് പരിതപിച്ചിരിക്കുന്ന ആളുകളല്ല ഞങ്ങൾ. സംഭവിക്കേണ്ടത് സംഭവിച്ചു. എന്നിരുന്നാലും ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ഛെല്ലോ ഷോയും ഒരു ഇന്ത്യൻ സിനിമയാണല്ലോ എന്ന കാര്യത്തിൽ സന്തോഷമുണ്ടെന്നും രാജമൗലി പറഞ്ഞു.