സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ പരിശ്രമിക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വർധിച്ചുവരവേ അവർക്കായി ഒരുഗ്രൻ ഷേക്ക് ഹാൻഡ് നൽകിയിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ തന്റെ പുതിയ ബജറ്റിലൂടെ. സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രം ചേരാൻ കഴിയുന്ന മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് ഈ ദിശയിലെ വിപ്ലവകരമായ ഒരു സ്കീം എന്നുതന്നെ വിശേഷിപ്പിക്കാം. രണ്ട് വർഷം മാത്രമാണ് നിക്ഷേപ കാലവാധി എന്നത് ഒരു പോരായ്മയായി തോന്നിയേക്കാം. പ്രതിവർഷം 7.5 ശതമാനം പലിശ കിട്ടും. സുകന്യ സമൃദ്ധി സേവിംഗ്സ് സ്കീമിന് 7.6 ശതമാനമാണ് പലിശ. ആ നിരക്ക് ഇതിനും നൽകാമായിരുന്നു. എങ്കിലും ഏറ്റവും ഉയർന്ന പലിശ നിരക്കിൽ ഒന്നുതന്നെയാണ് ഇതിന് നൽകിയിരിക്കുന്നതെന്നത് തികച്ചും സ്വാഗതാർഹമാണ്. പ്രമുഖ ബാങ്കുകൾ രണ്ട് വർഷ സ്ഥിര നിക്ഷേപത്തിന് 6.5-7 ശതമാനം പലിശ നിരക്ക് നൽകുന്ന സാഹചര്യത്തിലാണ് മഹിളാ സ്കീമിന് 7.5 ശതമാനം പലിശ നൽകിയിരിക്കുന്നത്. ലഘു സമ്പാദ്യ നിക്ഷേപ സ്കീം ആയതുകൊണ്ട് നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി ഇളവും ലഭിക്കും